തുഷാര്‍ എത്തുന്നതോടെ കളിമാറും

Sunday 24 March 2019 3:39 pm IST

തൃശൂര്‍: സാംസ്‌കാരിക നഗരിയില്‍ എന്‍ഡിഎയുടെ പടനായകനായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തുന്നതോടെ അരങ്ങൊരുങ്ങുന്നത് തീ പാറുന്ന പോരാട്ടത്തിന്. 39 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയ വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന  തൃശൂര്‍ ഇതോടെ  ത്രികോണമത്സരച്ചൂടിലേക്കുണരുന്നു. കഴിഞ്ഞ ലോക്‌സഭ ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ചയും വോട്ട് വര്‍ദ്ധനയും ശ്രദ്ധേയമായിരുന്നു. 

ബിഡിജെഎസിന് നിര്‍ണ്ണായകസ്വാധീനമുള്ള മണ്ഡലമാണ് തൃശൂര്‍.മണലൂര്‍, തൃശൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ മുന്നേറ്റമുണ്ടായി. ഇരിങ്ങാലക്കുടയിലും നാട്ടികയിലും തീരമേഖലയിലും നല്ല പോലെ വോട്ട് വര്‍ദ്ധിച്ചു. പൂരം എഴുന്നെള്ളിപ്പ്, വെടിക്കെട്ട് സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായുള്ള ബിജെപിയുടെ ഇടപെടലും തുണയായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മുന്നേറ്റം പ്രകടമായിരുന്നു. വിശ്വാസികള്‍ ഏറെയുള്ള തൃശൂരില്‍, ശബരിമല വിഷയവും അനുകൂലഘടകമാണ്. 

ബിജെപിയും ബിഡിജെഎസും ബൂത്തുതലം വരെ കൃത്യമായ ആസൂത്രണമാണ് ഇതിനകം നടത്തിയിട്ടുള്ളത്. സംഘടനാശേഷിയില്‍ ഇരുമുന്നണികളേയും പിന്നിലാക്കാനുള്ള കരുത്ത് തൃശൂരില്‍ എന്‍.ഡി.എക്കുണ്ട്.ബൂത്തുതല കുടുംബസംഗമങ്ങള്‍, പഞ്ചായത്ത് ,മണ്ഡലം കണ്‍വെന്‍ഷനുകള്‍ എന്നിവ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ബിഡിജെഎസ് അദ്യക്ഷന്‍ എന്ന നിലയിലും എസ്എന്‍ഡിപി യോഗം ഭാരവാഹി എന്ന നിലയിലും സംഘടനാശേഷിയും പ്രതിഭയും തെളിയിച്ചിട്ടുള്ള തുഷാറിന് പ്രചരണരംഗത്ത് എളുപ്പം മുന്നിലെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. 

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപനും ഇടത് സ്ഥാനാര്‍ത്ഥിയായി സി.പി.ഐയിലെ രാജാജി മാത്യു തോമസും പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.