കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരനെ നീര്‍നായകള്‍ ആക്രമിച്ചു

Sunday 24 March 2019 4:02 pm IST

മുപ്ലിയം: കുറുമാലി പുഴയിലെ വിവിധ കടവുകളില്‍ നീര്‍നായ ശല്യം രൂക്ഷമാകുന്നു. ഒരാഴ്ചയിലേറെയായി പലയിടങ്ങളിലായി നീര്‍നായയെ കണ്ടുവെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം മുപ്ലിയം അമ്പലക്കടവില്‍ കുളിക്കാനിറങ്ങിയ 12 വയസുകാരനെ നീര്‍നായ കൂട്ടം ആക്രമിച്ചു. 

പത്തോളം നീര്‍നായകളില്‍ നിന്ന് തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീര്‍നായ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ പുഴയുടെ കടവുകളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. വേനല്‍ രൂക്ഷമായതോടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് പുഴയെ ആശ്രയിക്കുന്നത്. കുളിക്കാനും അലക്കാനുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ എത്തുന്ന കടവുകളിലാണ് നീര്‍നായകള്‍ തമ്പടിച്ചിരിക്കുന്നത്. 

വേനലവധി ആരംഭിക്കുന്നതോടെ പുഴയില്‍ കുളിക്കാന്‍ എത്തുന്നവരുടെ എണ്ണം ഇനിയും കൂടും. എത്രയും വേഗം നീര്‍നായകളെ പുഴയില്‍ നിന്ന് തുരത്താന്‍ അധികൃതര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ നീര്‍നായകളുടെ ആക്രമണത്തിന് നാട്ടുകാര്‍ ഇരകളാകേണ്ടി വരും.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.