സ്നേഹധാരയുടെ പ്രവര്‍ത്തനം നിര്‍ത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Sunday 24 March 2019 4:31 pm IST

ആലപ്പുഴ: ചെങ്ങന്നൂര്‍ പിരളശേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹധാര അനാഥമന്ദിരത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സ്‌നേഹധാരയിലെ അന്തേവാസികളെ അടിയന്തിരമായി മറ്റേതെങ്കിലും സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റുകയോ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ് സാമൂഹ്യനീതി ഡയറക്ടര്‍ക്കാണു നിര്‍ദ്ദേശം നല്‍കിയത്. 

സ്നേഹധാരയിലെ അന്തേവാസികളെ സര്‍ക്കാര്‍ നടത്തുന്ന അനാഥമന്ദിരത്തിലേക്ക് മാറ്റണമെന്നു കമ്മിഷന്‍ 2017 ഡിസംബര്‍ ഒമ്പതിന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപനത്തിന്റെ സെക്രട്ടറിയും മറ്റൊരാളും കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മിഷന്‍ അനാഥമന്ദിരം സന്ദര്‍ശിച്ചു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനം.

മാനസികനില തെറ്റിയവരും ലഹരിമരുന്നുകള്‍ക്ക് അടിമകളായവരുമാണ് സ്ഥാപനത്തിലെ അന്തേവാസികള്‍. ഇവരെക്കൊണ്ട് ആശാരിപ്പണി, കന്നുകാലി പരിചരണം, കവര്‍ നിര്‍മാണം തുടങ്ങിയ ജോലികള്‍ ചെയ്യിക്കുന്നതായി കമ്മിഷനു നേരിട്ട് ബോധ്യമായി. സെപ്റ്റിക് ടാങ്കിലെ മാലിന്യം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

സ്ഥാപനത്തിന് ഹോം ഫോര്‍ മെന്റലി ക്യൂവേഡ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ അനുമതിയുണ്ട്. എന്നാല്‍ കേരളാ രജിസ്ട്രേഷന്‍ ഓഫ് സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ മാനദണ്ഡ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്തേവാസികള്‍ മരിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിക്കാറില്ല. ആരോഗ്യപരിപാലനം, പോഷകാഹാരവിതരണം, ജീവനക്കാരുടെ സേവനം തുടങ്ങിയ കാര്യങ്ങളിലും അപാകതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചെങ്ങന്നൂര്‍ സി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരേക്കര്‍ വിസ്തൃതിയുള്ള ആഴമേറിയ പാറമടയെക്കുറിച്ച് പറയുന്നുണ്ട്. പാറമടയിലെ ജലം അന്തേവാസികള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നു. അന്തേവാസികളുടെ ആന്തരികാവയവങ്ങള്‍ മുറിച്ചെടുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നു സമ്മതിച്ചെങ്കിലും പരാതിക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. ചെങ്ങന്നൂര്‍ എല്‍ഐസി. ഏജന്റ് സഹകരണ സംഘത്തിലെ അഴിമതിയില്‍ അനാഥമന്ദിരത്തിലെ സെക്രട്ടറിക്കു പങ്കുണ്ടെന്നും പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുനിന്നും കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ അനാഥമന്ദിരം വളപ്പില്‍ സംസ്‌കരിക്കാറുണ്ടെന്നു ജീവനക്കാര്‍ സമ്മതിച്ചു. മനോരോഗികളെ തൃപ്തികരമല്ലാത്ത തരത്തില്‍ സെല്ലിനകത്ത് കിടത്തുന്നുണ്ട്. പഞ്ചായത്ത് സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല. നിരവധി മനോരോഗികളും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരും സ്ഥാപനത്തില്‍ താമസിക്കുന്നുണ്ട്. എത്രയുംവേഗം സ്ഥാപനം നിര്‍ത്തലാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പ്രദീപ്കോശി, ഗോവിന്ദ കമ്മത്ത്, ദിവ്യ രാജേഷ്, സി.ജെ. റോബിന്‍ എന്നിവരാണു പരാതി നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.