തീരമേഖലയിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു

Sunday 24 March 2019 4:37 pm IST

തുറവൂര്‍: തീരമേഖലയിലേക്കുള്ള മുന്നറിയിപ്പി്ല്ലാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തില്‍.  പള്ളിത്തോട്, ചെല്ലാനം മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. ചേര്‍ത്തല ഡിപ്പോയില്‍ നിന്നു തീരദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി അധികൃതര്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

ബസുകളുടെ എണ്ണകുറവിന്റെ പേരില്‍ മറ്റ് മേഖലകളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബസുകള്‍ സമയനിഷ്ട പാലിക്കാത്തത് തീരവാസികളെ വലയ്ക്കുകയാണ്. രാവിലെ ഒന്‍പതിനുശേഷമുള്ള സര്‍വീസുകള്‍ പലതും വെട്ടിച്ചുരുക്കി. പത്തരയ്ക്കുള്ള ചെല്ലാനം കുത്തിയതോട്, പതിനൊന്നരയ്ക്കും ഒന്നിനുമുള്ള ചെല്ലാനം സര്‍വീസുകളും നിര്‍ത്തി. ഇതോടെ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. വിദ്യാര്‍ഥികളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കമുള്ള തീരവാസികള്‍ കെഎസ്ആര്‍ടിസി ബസുകളെയാണു സഞ്ചരിക്കുന്നതിനായി ആശ്രയിക്കുന്നത്.

ഉച്ചയ്ക്കുശേഷമുള്ള സര്‍വീസുകളുടെ കാര്യവും വ്യത്യസ്തമല്ല. ചേര്‍ത്തല ചെല്ലാനം റൂട്ടിലെ പത്തിലധികം സര്‍വീസുകള്‍ നിര്‍ത്തലാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. മത്സ്യതൊഴിലാളികളും മറ്റും തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ പ്രധാന സഞ്ചാര മാര്‍ഗം കെ.എസ്.ആര്‍.ടി.സി. ബസുകളാണ്. 

ഡിപ്പോയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന റൂട്ടാണിതെങ്കിലും കൃത്യമായി സര്‍വീസ് നടത്താന്‍ അധികൃതര്‍ വിമുഖത കാട്ടുന്നതായാണു നാട്ടുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.