ഓര്‍ത്തഡോക്സ് സുന്നഹദോസ് സെക്രട്ടറിക്കെതിരേ പള്ളി മാനേജിങ് കമ്മിറ്റി

Sunday 24 March 2019 5:04 pm IST

കായംകുളം: ഓര്‍ത്തഡോക്സ് സുന്നഹദോസ് സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമെന്നു കട്ടച്ചിറ പള്ളി മാനേജിങ് കമ്മിറ്റി. ഓര്‍ത്തഡോക്സ് വിഭാഗം കട്ടച്ചിറ പള്ളിയില്‍ അനധികൃതമായി പ്രവേശിച്ചു നാശനഷ്ടം വരുത്തിയെന്ന ആരോപണം കഴമ്പില്ലെന്ന യൂഹാനോന്‍ മോര്‍ ദിയസ്‌കോറസിന്റെ പ്രസ്താവന പരിഹാസ്യവും നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും പള്ളി മാനേജിങ് കമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ 20 ന് അമ്പതിലധികം വൈദികരും പിറവം, ചാലിശേരി, കോന്നി, ശൂരനാട്, തിരുവല്ല, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലുള്ളവരും പോലീസ്-റവന്യു അധികാരികളുമായി ചേര്‍ന്ന് യഥാര്‍ത്ഥ കൈവശക്കാരായ പള്ളി മാനേജിങ് കമ്മിറ്റിയെയും ഇടവക്കാരെയും നോക്കുകുത്തിയാക്കി ഗേറ്റ് പൊളിച്ചു വാതിലുകള്‍ തകര്‍ത്ത് പള്ളിയ്ക്കകത്തു പ്രവേശിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് ലോകം തല കുനിച്ചിട്ടും ഓര്‍ത്തഡോക്സ് സിനഡ് സെക്രട്ടറി അറിഞ്ഞില്ലെന്ന പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. വിശുദ്ധ മദ്ബഹായുടെ മുകളിലെ ചിത്രങ്ങള്‍, ശിലാഫലകങ്ങള്‍, നെയിംബോര്‍ഡുകള്‍ എന്നിവ തകര്‍ക്കുകയും പാത്രിയര്‍ക്ക പതാകയും ആരാധന പുസ്തകങ്ങളും തീയിട്ട് നശിപ്പിക്കുകയും ചെയ്തത് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു.

കോടതി അംഗീകരിച്ച വികാരി പള്ളിയില്‍ പ്രവേശിക്കുന്നതിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിന്യായത്തില്‍ ട്രസ്റ്റിയും മാനേജിങ് കമ്മിറ്റിയും അടുത്ത തെരഞ്ഞെടുപ്പു വരെ തുടരണമെന്നു വ്യക്തമായി പറഞ്ഞിട്ടും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത നീതീകരിക്കാനാകില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.