എന്റെ റസ്സലേ...

Sunday 24 March 2019 11:45 pm IST

കൊല്‍ക്കത്ത: ആന്ദ്രെ റസ്സലിന്റെ അടിപൊളി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന് വിജയം. ഐപിഎല്ലില്‍ അവര്‍ ആറു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച കൊല്‍ക്കത്ത രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷട്ത്തില്‍ 183 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയില്‍ മൂന്ന് വിക്കറ്റിന് 181 ന് റണ്‍സ് എടുത്തു.

മത്സരം കൈവിട്ട് പോകുമെന്ന സാഹചര്യത്തില്‍ കളത്തിലെത്തിയ റസ്സല്‍ 19 പന്തില്‍ നാല് ഫോറും നാല് സിക്‌സറും പൊക്കി 49 റണ്‍സുമായി അയ്യനായി നിന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. ഓപ്പണര്‍ റാണ 47 പന്തില്‍ എട്ട് ഫോറും മൂന്ന്് സിക്‌സറും അടക്കം 68 റണ്‍സ് നേടി.

കൊല്‍ക്കത്തയുടെ തുടക്കം മോശമായി. ഏഴ് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ റാണയ്‌ക്കൊപ്പം ഉത്തപ്പ ചെറുത്ത് നിന്നതോടെയാണ് അവര്‍ കരകയറിയത്. ഉത്തപ്പ 27 പന്തില്‍ 35 റണ്‍സ് എടുത്തു. ഉത്തപ്പയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ കാര്‍ത്തിക്കും (2) വീണതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിയായി. പക്ഷെ റസ്സലും ഗില്ലും (18) പൊരുതി നിന്നതോടെ കൊല്‍ക്കത്ത വിജയിച്ചു. അവസാന ഓവറിലെ നാലാം പന്ത് സിക്‌സര്‍ പൊക്കി ഗില്ലാണ് വിജയം സമ്മാനിച്ചത്.

ഡേവിഡ് വാര്‍ണറുടെ മികവിലാണ്  സണ്‍സൈസേഴ്‌സ് ഹൈദരാബാദ് മൂന്ന് വിക്കറ്റിന് 181 റണ്‍സ് നേടിയത്. 

 തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വാര്‍ണര്‍ 53 പന്തില്‍ 85 റണ്‍സ്് സ്വന്തം പേരില്‍കുറിച്ചു. ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളും ഈ മുന്‍ ഓസീസ് ഉപനായകന്റെ ബാറ്റില്‍ നിന്ന അതിര്‍ത്തികടന്നുപോയി. ഐപിഎല്ലില്‍ വാര്‍ണറുടെ 40-ാം അര്‍ധ സെഞ്ചുറിയാണിത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടതല്‍ അര്‍ധ സെഞ്ചുറി നേടിയ കളിക്കാരനായി വാര്‍ണര്‍.

ആദ്യ വിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ബെയര്‍സ്‌റ്റോക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് (118)പടുത്തുയര്‍ത്തി സണ്‍റൈസേഴ്‌സിന് വാര്‍ണര്‍ ഉശിരന്‍ തുടക്കം സമ്മാനിച്ചു. ബെയര്‍സ്‌റ്റോ 35 പന്തില്‍ 39 റണ്‍സ് അടിച്ചെടുത്തു. മൂന്ന്് ഫോറും ഒരു സിക്‌സറും പൊക്കി. പിയുഷ് ചൗളയുടെ പന്തില്‍ ബെയര്‍സ്‌റ്റോയുടെ കുറ്റി തെറിച്ചതോടെയാണ് ആദ്യ വിക്കറ്റ് പാര്‍ട്ടനര്‍ഷിപ്പ് തകര്‍ന്നത്. 

ബെയര്‍സ്‌റ്റോക്ക് ശേഷം ക്രീസിലെത്തിയ വിജയ ശങ്കറുമൊത്ത് വാര്‍ണര്‍ രണ്ടാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിചേര്‍ത്തു. പതിനാറാം ഓവറില്‍ വാര്‍ണര്‍ വീണു. റസ്സലിന്റെ പന്തില്‍ അതിവിദഗ്ധമായ ക്യാച്ചിലൂടെ റോബിന്‍ ഉത്തപ്പയാണ് വാര്‍ണറെ മടക്കിയത്്.

വര്‍ണര്‍ക്ക്് പിന്നാലെയെത്തിയ പഠാന്‍ ഒരു റണ്‍സിന് പുറത്തായി. തകര്‍ത്തടിച്ച വിജയ ശങ്കര്‍ 24 പന്തില്‍ നാല്‍പ്പത് റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും നേടി. മനീഷ് പാണ്ഡെ അഞ്ചു പന്തില്‍ എട്ട് റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയുടെ റസ്സല്‍ മൂന്ന് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. പിയൂഷ് ചൗള മൂന്ന് ഓവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.