ആലപ്പുഴയില്‍ പോരാട്ടം കടുക്കും

Monday 25 March 2019 11:52 am IST
ദരിദ്ര ധീവര കുടുംബത്തില്‍ ജനിച്ച കെ.എസ്. രാധാകൃഷ്ണന്‍, സ്വപ്രയത്‌നത്താലാണ് ജീവിതത്തിന്റെ പടവുകള്‍ കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതല്‍ വിവിധങ്ങളായ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുകയും പഠിക്കുകയും ചെയ്തു.

ആലപ്പുഴയില്‍ വേനല്‍ ചൂട് 36 ഡിഗ്രിക്ക് മുകളിലാണ്. അതിലും മുകളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂട്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഡോ. കെ.എസ്. രാധാകൃഷണന്‍ എത്തിയതോടെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ത്രികോണമത്സരം ഉറപ്പായി. ഇടത്-വലത് മുന്നണികള്‍ മാറിമാറി വിജയിച്ചിട്ടുള്ള ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി കെഎസ്ആറിന്റെ വരവോടെ ഇക്കുറി കാര്യങ്ങള്‍ പ്രവചനാതീതമാകുകയാണ്. എല്‍ഡിഎഫിന്റെ എ.എം. ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ രാഷ്ട്രീയത്തിനതീതമായി കേരളത്തിന് നല്‍കിയ സഹായവും, ഭാരതത്തിനുണ്ടായ വികസനവും ഉയര്‍ത്തിയാണ് രാധാകൃഷ്ണന്‍ വോട്ടുതേടുന്നത്.

എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായി വിരമിച്ച രാധാകൃഷ്ണന്റെ കന്നി അങ്കമാണ്. കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിഎസ്‌സി ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. എറണാകുളം ജില്ലയിലെ മുളവുകാടില്‍ ജനിച്ച് കേവലം ഒന്‍പതാമത്തെ വയസ്സില്‍ മത്സ്യബന്ധനം തൊഴിലാക്കിയ കെ.എസ്. രാധാകൃഷ്ണന്‍, ജോലി ചെയ്ത് പഠിച്ച് ദാരിദ്ര്യത്തോടും ജീവിതത്തിലെ ദുഃഖകരമായ അവസ്ഥകളോടും പോരാടി ജീവിച്ച്, സ്വപ്രയത്‌നത്താല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ കോളേജില്‍ ഫിലോസഫി അധ്യാപകനായി. 

ദരിദ്ര ധീവര കുടുംബത്തില്‍ ജനിച്ച കെ.എസ്. രാധാകൃഷ്ണന്‍, സ്വപ്രയത്‌നത്താലാണ് ജീവിതത്തിന്റെ പടവുകള്‍ കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതല്‍ വിവിധങ്ങളായ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുകയും പഠിക്കുകയും ചെയ്തു. 

ആരിഫ് മൂന്ന് തവണ അരൂരില്‍ നിന്ന് നിയമസഭയില്‍ എത്തി. നിയമസഭാംഗമായിരിക്കുമ്പോള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കെയാണ് മത്സരത്തിനിറങ്ങുന്നത്. പത്ത് വര്‍ഷമായി യുഡിഎഫ് കൈപ്പിടിയിലാക്കിയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടി ആരിഫിന് നല്‍കിയിരിക്കുന്നത്. യുഡിഎഫാണ് ഏറ്റവും കൂടുതല്‍ തവണ ആലപ്പുഴയെ പ്രതിനിധികരിച്ചിട്ടുള്ളത്. സുശീലഗോപാലന്‍, ടി.ജെ ആഞ്ചലോസ്, ഡോ. കെ.എസ്. മനോജ് എന്നിവരാണ് എല്‍ഡിഎഫിനായി വിജയിച്ചത്.

   മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, ആലപ്പുഴ നഗരസഭ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഷാനിമോള്‍ ഉസ്മാന്‍. കെ.സി. വേണുഗോപാല്‍  ആലപ്പുഴയില്‍ നിന്ന് പലായനം ചെയ്യാന്‍ കാരണം പരാജയ ഭീതിയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഷാനിമോള്‍ മത്സരത്തിനെത്തുന്നത്. 

  അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ഏഴ് മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. പതിമൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.