വയനാട്: വയനാട് തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ ആയുധധാരികളാണ് മക്കിമലയില്‍ എത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഘം ഇവിടെയെത്തിയത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ശേഷം ലഘുലേഖകളും ഇവര്‍ ഇവിടെ വിതരണം ചെയ്തു.
സ്ഥലത്തെ പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിവയ്പ്പുണ്ടായതിന് ശേഷവും മാവോയിസ്റ്റുകള്‍ പ്രദേശത്ത് എത്തിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
വെടിവയ്പ്പില്‍ പരിക്കേറ്റ ചന്ദ്രുവും സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. തങ്ങളെത്തിയ വിവരം പുറത്ത് പറയരുതെന്നും നാട്ടുകാര്‍ക്ക് ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായെത്തി ഭക്ഷണസാധനങ്ങളും മറ്റും ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പോലീസ് വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: