ശിവദാസന്‍ സ്വാമിയുടെ മരണം; അന്വേഷണം കാര്യക്ഷമമല്ലെന്ന് മകന്‍ ഹൈക്കോടതിയില്‍

Monday 25 March 2019 4:31 pm IST

കൊച്ചി: ശബരിമലയിലെ പോലീസ് നടപടിക്ക് പിറകെ നിലയ്ക്കലില്‍ അയ്യപ്പഭക്തന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.

സംഭവത്തില്‍ ഉന്നതതല പോലിസ് അന്വേഷണമോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മരണപ്പെട്ട ശിവദാസന്റെ മകന്‍ പന്തളം മുളമ്പുഴ സ്വദേശി ശരത് ആണ് അഡ്വ. പി. കൃഷ്ണദാസ് മുഖേന  ഹര്‍ജി നല്‍കിയത്. നിലവിലെ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു

'തുടയെല്ലുപൊട്ടി രക്തം വാര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇത് ശക്തമായ അടിയേറ്റതിനാലോ മറ്റെന്തെങ്കിലും ആക്രമണത്തിലൂടെയോ സംഭവിച്ചതാകാം.' സംഭവത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായ ഉന്നത പോലിസുദ്യോഗസ്ഥരെ ഉള്‍പ്പടെ ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിലയ്ക്കലില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പോലിസ് ലാത്തിചാര്‍ജ് നടന്നതിന് തൊട്ടടുത്ത ദിവസമാണ് ശിവദാസനെ കാണാതായെന്ന പരാതി ഉയര്‍ന്നത്. പിന്നീട് ളാഹയ്ക്കടുത്ത് കൊക്കയില്‍ നിന്ന് വികൃതമായ രീതിയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിയെ തുടര്‍ന്നാണ് ശിവദാസന്‍ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. 

പരാതി ലഭിച്ചിട്ടും പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും ആരോപിച്ചു. ശിവദാസനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ശിവദാസന്റെ മരണത്തിന് നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിയുമായി ബന്ധമില്ലെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലിസ് കഴിഞ്ഞില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നാളെ വീണ്ടും പരിഗണിക്കും.

തുലാമാസ പൂജകള്‍ നടക്കുന്ന സമയത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായാണ് ശിവദാസന്‍ സന്നിധാനത്ത് എത്തിയത്. വീട്ടില്‍ നിന്നും ഇതേ കാര്യം പറഞ്ഞു തന്നെയാണ് സന്നിധാനത്തേയ്ക്ക് ഇദ്ദേഹം പോയത്. ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങിയ ശിവദാസന്‍, പമ്പയിലെത്തിയ ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. വീട്ടുകാരെ വിളിച്ചശേഷം തിരികെ വരികയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശിവദാസനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 

ശിവദാസനെ കണ്ടെത്താനാവാതെ വന്നതോടെ ബന്ധുക്കള്‍ പരാതിയുമായി ആദ്യം പത്തനംതിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പമ്പ, നിലയ്ക്കല്‍ പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കി. അടൂര്‍ ഡിവൈഎസ്പി ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ശിവദാസനെ കണ്ടെത്താനായില്ല. ശിവദാസനെ സംഭവ സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.