യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയില്‍ ഉപേക്ഷിച്ചു

Monday 25 March 2019 6:24 pm IST

ബെംഗളൂരു: കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയെ നഗ്നയാക്കി വഴിയരികില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരവാസ്ഥയിലായ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം രാവിലെ ജാക്കൂരില്‍ വഴിയരികിലാണ് യുവതി അവശനിലയില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഇവര്‍ ഉടന്‍ സാംപിജെഹള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് യുവതിയെ ആദ്യം യെലഹെങ്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പിന്നീട് വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. 

ഇവര്‍ക്ക് 23 വയസുണ്ടെന്നും കൊനെകുണ്ഡെയിലെ ഒരു വീട്ടില്‍വച്ചാണ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍ നിന്ന് ചോദിച്ചറിയേണ്ടതുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു. 

കൊനെകുണ്ഡെയിലെ ചില സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവില്‍ യുവതികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ദിവസേന പോലീസ് സ്റ്റേഷനുകളില്‍ നിരവധി ലൈംഗിക അതിക്രമ പരാതികളാണ് എത്തുന്നത്. യുവതിയും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബെംഗളൂരു സ്വദേശിനിയും അഭിഭാഷകയുമായ എസ്. ധരിണിയും (25), അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നാരായണപുരം കോര്‍പ്പറേറ്റര്‍ വി. സുരേഷാണ് അറസ്റ്റിലായത്.

ധരിണിയുടെ വസ്തുവും വീടും സുരേഷിന് എഴുതി നല്‍കണമെന്നുള്ള ഭീഷണി പതിവായതോടെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു യുവതി കോതന്നൂര്‍ പോലീസ് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ആഗസ്തില്‍ ഓണ്‍ലൈന്‍ ടാക്‌സി കാറില്‍ എയര്‍പോര്‍ട്ടിലേക്കു പോയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്നയാക്കി ചിത്രങ്ങള്‍ പകര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ സമാനമായ മറ്റൊരു സംഭവത്തില്‍ യുവതിയുടെ നിലവിളി കേട്ട് ടോള്‍ ഗേറ്റിലെ ജീവനക്കാരാണ് രക്ഷപെടുത്തിയത്. 

കഴിഞ്ഞ ജൂലൈ ഒന്നിന് രാമനഗര താലൂക്കില്‍ കുദൂര്‍ നഗരാതിര്‍ത്തിയിലുള്ള ഫാം ഹൗസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന വ്യാജേന എത്തിയവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തിരുന്നു. ആറുവയസുകാരനായ മകന്റെ മുന്‍പില്‍വച്ചായിരുന്നു യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പല കേസുകളിലും പ്രതികള്‍ പിടിക്കപ്പെടാതെ പോവുകയാണ്. ലൈംഗികാതിക്രമത്തിന് ഇരയാകുന്നതില്‍ അധികവും മറ്റു സംസ്ഥാനത്തു നിന്നുള്ളവരായതിനാല്‍ കേസുമായി മുന്നോട്ടുപോകാതെ പലരും സ്വന്തം സ്ഥലത്തേക്ക് മടങ്ങുകയാകും ചെയ്യുക. ഇതാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.