ശാസ്ത്രീയനാമം:Tamarindus indica
തമിഴ്: പുളി
സംസ്കൃതം: അമ്ലക, ചിഞ്ച
എവിടെ കാണാം: ഇന്ത്യയിലുടനീളം നട്ടുവളര്‍ത്തുന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇതൊരു തണല്‍മരമായും വളര്‍ത്തുന്നു.
ചില ഔഷധ പ്രയോഗങ്ങള്‍:
പുളിങ്കുരുവിന്റെ പുറന്തൊണ്ട് ഉണക്കിയെടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി ദിവസേന മോരില്‍ സേവിച്ചാല്‍ ഏഴു ദിവസം കൊണ്ട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. പുളിയുടെ പൂവ് ഇടിച്ചു പിഴിഞ്ഞ നീരില്‍ പുളിങ്കുരു ചൂര്‍ണം ചേര്‍ത്ത് കുടിച്ചാല്‍ രക്താര്ശ്ശസ് ശമിക്കും. പുളിങ്കുരു വറുത്ത് പൊടിച്ച് കാടിയില്‍ അരച്ചു തേച്ചാല്‍ ക്രോഷ്ടു ശീര്‍ഷം എന്ന വാതം ഭേദമാകും. കാല്‍മുട്ടില്‍ നീരു വന്ന് നടക്കാനാവാത്ത അവസ്ഥയാണ് ക്രോഷ്ടുശീര്‍ഷം.
യൂറിക് ആസിഡ് വര്‍ധിച്ച് കൈവിരലുകള്‍ മടക്കാനാവാത്ത അവസ്ഥയില്‍, ഒരുപിടി പുളിയില ഉപ്പും കൂട്ടി തിളപ്പിച്ച ശേഷം, ചൂടാറുന്നതിനു മുമ്പ് വിരലുകള്‍ മുക്കിവെച്ച് നിവര്‍ത്തുകയും മടക്കുകയും ചെയ്താല്‍ അസുഖം പെട്ടെന്ന് ഭേദമാകും. ഉമ്മത്തിന്റെ കായ കഴിച്ചുണ്ടാകുന്ന വിഷബാധയ്ക്ക് വാളന്‍പുളി കലക്കി കുടിക്കുന്നത് നല്ലൊരു മറുമരുന്നാണ്.
ചുവന്ന പൂവുള്ള അശോകത്തിന്റെ തൊലി, വാളന്‍പുളി വേരിന്മേല് തൊലി, കുറുന്തോട്ടി വേര്, തിരുതാളി, കാരെള്ള് ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന് പാലും ചേര്‍ത്ത് വീണ്ടും കുറുക്കി വറ്റിച്ച് 100 മില്ലി ആകുമ്പോള്‍ വാങ്ങി ശര്‍ക്കരയും പത്തുതുള്ളി സുകുമാരഘൃതവും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സേവിക്കുക. അത്താഴശേഷവും ഇതുപോലെ സേവിക്കണം. ഇങ്ങനെ രണ്ട് ആര്‍ത്തവകാലം തുടര്‍ച്ചയായി സേവിച്ചാല്‍ സ്ത്രീകളുടെ ആര്‍ത്തവം ക്രമമാകും. ഗര്ഭാശയനാളവും ഗര്‍ഭാശയവും ശുദ്ധിയാകും.
സ്ത്രീകളിലെ വന്ധ്യതയ്ക്കും ഇത് ശ്രേഷ്ഠമാണ്. പുളിങ്കുരുത്തോടും കരിവേലകപട്ടയും സമം പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലു തേച്ചാല്‍ മോണപഴുപ്പ് മാറും. ഇളകിയ പല്ല് ഉറയ്ക്കും.
കമ്പിളിപ്പുഴുപോലുള്ളവ തട്ടി ദേഹത്തുണ്ടാകുന്ന ചൊറിച്ചിലും തടിച്ചുപൊങ്ങലും മാറാന്‍ വാളന്‍പുളി നല്ല പുളിച്ച മോരില്‍ അരച്ചു തേക്കുക. ശരിയായി പഴുത്തപുളിയും മഞ്ഞകൈയുണ്യവും അഞ്ച് ഗ്രാം വീതമെടുത്ത് അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ ദിവസം രണ്ടുനേരം പത്തു ദിവസം വിഴുങ്ങിയാല്‍ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളുന്നത് ഭേദമാകും.
ഒരു പിടി വാളന്‍പുളിയുടെ ഇലയെടുത്ത് സൂര്യോദയത്തിനു മുമ്പ് കടിച്ചു ചവച്ച് ഇറക്കിയാല്‍ വെരിക്കോസ് ഭേദമാകും. ഇങ്ങനെ ചെയ്യുമ്പോള്‍ മലര്‍ന്നു കിടന്ന് പാദങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തി കാല്‍മുട്ട് മടക്കുകയും നിവര്‍ത്തുകയും ചെയ്യണം.
മൂത്തപുളിയില ആവണക്കെണ്ണയില്‍ ചൂടാക്കി അരച്ചു തേച്ചാല്‍ കാല് ഉളുക്കുന്നതു കൊണ്ടും ചതവു കൊണ്ടും ഉണ്ടാകുന്ന നീര് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: