ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ പതിവ്; യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 26 March 2019 11:10 am IST

ആലപ്പുഴ: എറണാകുളം ജങ്ഷന്‍ - ആലപ്പുഴ കായംകുളം ജങ്ഷന്‍ തീരദേശ റെയില്‍ പാതയില്‍ യാത്രാ ക്ലേശത്തിനു പരിഹാരമില്ല. ആലപ്പുഴയില്‍ നിന്നു എറണാകുളം ഭാഗത്തേക്കു ദിവസവും ജോലിക്കു പോകുന്നവര്‍ ആശ്രയിക്കുന്ന രാവിലെ 7.25നുള്ള 56302 ആലപ്പുഴ എറണാകുളം പാസഞ്ചര്‍ വൈകിയോടുന്നത് പതിവായി. ട്രെയിനുകളുടെ വൈകിയോട്ടം സംബന്ധിച്ചു അധികൃതര്‍ക്കു കുട്ടനാട്- എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ നിവേദനം നല്‍കി. നൂറുകണക്കിനാളുകളാണ് ദിവസവും ജോലി സ്ഥാപനങ്ങളില്‍ എത്താന്‍ വൈകുന്നത്. കൂടാതെ എറണാകുളത്തു നിന്നുള്ള കണക്ഷന്‍ ട്രെയിനുകള്‍ കിട്ടാത്ത അവസ്ഥയുമാണ്.

രണ്ടു എസ്എല്‍ആര്‍ അടക്കം 14 കോച്ചുകള്‍ ഉള്ളതു തന്നെ യാത്രക്കാര്‍ക്കു ഇരുന്നുപോകാന്‍ തികയുന്നില്ലെന്നിരിക്കെയാണ് വൈകിയോട്ടവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ടൈം ടേബിള്‍ അനുസരിച്ച് രാവിലെ ഒന്‍പതിനു എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്കപ്പോഴും അര മണിക്കൂര്‍ എങ്കിലും വൈകിയാണ് എത്തുന്നത്. കണക്കനുസരിച്ച് തുറവൂരില്‍ 56379 എറണാകുളംആലപ്പുഴ പാസഞ്ചറിനു മാത്രമാണ് ക്രോസിങ് എങ്കിലും പല സ്റ്റേഷനിലും പിടിച്ചിടുന്ന അവസ്ഥയാണ്. ഭൂരിപക്ഷം യാത്രക്കാര്‍ക്കും സ്റ്റേഷനില്‍ നിന്നു ഇറങ്ങി നടന്നും ബസ് കയറിയും പോയാലെ ജോലി സ്ഥലങ്ങളില്‍ എത്താനാകൂ.

ആലപ്പുഴയ്ക്കും എറണാകുളം ജങ്ഷനും ഇടയ്ക്ക് തുമ്പോളി, കലവൂര്‍, മാരാരിക്കുളം, തിരുവിഴ, ചേര്‍ത്തല, വയലാര്‍, തുറവൂര്‍, എഴുപുന്ന, അരൂര്‍, കുമ്പളം, തിരുനെട്ടൂര്‍ സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളില്‍ ഒരു മിനിട്ടാണ് യാത്രക്കാരെ കയറ്റിയിറക്കാന്‍ ട്രെയിന്‍ നിറുത്തുന്നത്. ചെറിയ സ്റ്റേഷനുകളില്‍ കയറിയിറങ്ങുന്നതില്‍ ഭൂരിപക്ഷവും ദിവസവേതനക്കാരാണ്. കുറഞ്ഞ യാത്രച്ചെലവില്‍ സഞ്ചരിക്കാന്‍ കൂടിയാണിവര്‍ ഈ മാര്‍ഗം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

57 കിലോമീറ്റര്‍ ദൂരമുള്ള ആലപ്പുഴ- എറണാകുളം റൂട്ടില്‍ ഒരു മണിക്കൂര്‍ 35 മിനിട്ടാണ് പാസഞ്ചറിനു യാത്രാസമയം നിശ്ചയിച്ചിട്ടുള്ളത്. ശരാശരി വേഗത മണിക്കൂറില്‍ 36 കിലോമീറ്ററാണ്. റൂട്ടും സ്റ്റേഷനുകളും ക്ലിയര്‍ ആക്കിയാല്‍ പ്രത്യേകിച്ചു വലിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെതന്നെ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാമെന്നു സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം രാവിലെ 7.05നു പുറപ്പെടുന്ന 56377 ആലപ്പുഴ-കായംകുളം പാസഞ്ചര്‍, രാത്രി 10.25നു പുറപ്പെടുന്ന 56378 കായംകുളം-ആലപ്പുഴ പാസഞ്ചര്‍ എന്നിവ കഴിഞ്ഞ മാസാവസാനം വരെ നാലു മാസം മുന്‍പു റദ്ദാക്കിയിരുന്നതു മേയ് 31 വരെ നീട്ടിയിരിക്കുകയാണ്. ജീവനക്കാരുടെ കുറവു ചൂണ്ടിക്കാട്ടിയാണ് താത്കാലികമെന്ന നിലയില്‍ റദ്ദാക്കിയത്. ഈ രണ്ടു സര്‍വീസുകളും നിര്‍ത്തലാക്കാനുള്ള ശ്രമമാണെന്നു യാത്രക്കാര്‍ആരോപിക്കുന്നു. 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ ഇടയ്ക്കുള്ള പുന്നപ്ര, അമ്പലപ്പുഴ, തകഴി, കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.