കുടിവെള്ള വിതരണം നിലച്ചിട്ട് അഞ്ചു ദിവസം

Tuesday 26 March 2019 11:26 am IST

അരൂര്‍: കുടിവെള്ള വിതരണം നിലച്ചു. ചൂട് അസഹ്യമായതോടെ ശുദ്ധജലത്തിനായി ജനം നെട്ടോട്ടത്തില്‍. ജപ്പാന്‍ കുടിവെള്ള വിതണം നിലച്ചതോടെ താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി. അരൂര്‍ ഉള്‍പ്പെടെ എട്ട് പഞ്ചായത്തുകളിലാണ് പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് അഞ്ചു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയത്. 

പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. തൈക്കാട്ടുശേരി ശുദ്ധീകരണ ശാലയില്‍ നിന്ന് തുറവൂര്‍ ഭാഗത്തേക്കുള്ള പ്രധാന വിതരണ പൈപ്പ് പൊട്ടിയതാണ് ജല വിതരണം തടസപ്പെടുന്നതിന് കാരണം. പൈപ്പ് തൈക്കട്ടുശേരിയില്‍ നിന്ന് മറുകരയായ തുറവൂരിലേക്ക് കായലിനടിയിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. തൈക്കാട്ടുശേരി ജെട്ടിക്ക് സമീപം പൈപ്പിന്റെ വാല്‍വ് ചേമ്പറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ചോര്‍ച്ചയുണ്ടായത്. യന്ത്ര സഹായത്തോടെ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ തുടരുകയാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനാല്‍ ആവശ്യമായ ജലം സംഭരിക്കാന്‍ ഉപഭോക്താക്കള്‍ തയാറായില്ല. അഞ്ച് ദിവസം പിന്നിട്ടിട്ടും കുടിവെള്ളം ലഭിക്കാതായതോടെ ശുദ്ധജലം ശേഖരിക്കാന്‍ നാട്ടുകാര്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

ടാങ്കള്‍ ലോറികളില്‍ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കായലോര, കടലോര മേഖലകളില്‍ കഴിയുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.