ഹരിപ്പാട്-ഇലഞ്ഞിമേല്‍ റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നു

Tuesday 26 March 2019 11:44 am IST

മാവേലിക്കര: ഹരിപ്പാട്- ഇലഞ്ഞിമേല്‍ റോഡ് പുനര്‍ നിര്‍മാണം വൈകുന്നു. 16 കോടി രൂപയുടെ റോഡ് വികസന പദ്ധതിയാണ് തെരഞ്ഞെടുപ്പ് വന്നതോടെ വഴിമുട്ടി നില്‍ക്കുന്നത്. 10 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡില്‍ കോട്ടമുറി മുതല്‍ പറയങ്കേരി വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരമാണ് പൂര്‍ത്തിയാകാനുള്ളത്.

ഹരിപ്പാട് കുടിവെള്ള പദ്ധതിയ്ക്കായി വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിര്‍മാണം വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മാന്നാര്‍ മുല്ലശേരിക്കടവില്‍ പമ്പയാറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പള്ളിപ്പാട്ടെ ശുദ്ധജല പ്ലാന്റില്‍ എത്തിച്ച് അവിടെ നിന്നും ഹരിപ്പാട് നഗരസഭയിലും പരിസര ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. 

പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള നടപടികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ടെന്‍ഡര്‍ നടപടി ഇനിയും വൈകും. ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പ്ലൈനാണ് ഇതുവഴി സ്ഥാപിക്കുന്നത്. ടാറിങ് പൂര്‍ത്തിയാക്കിയാല്‍ വീണ്ടും ഇവിടം കുഴിക്കേണ്ടി വരുമെന്നും ഇത് ഇരട്ടി നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ടാറിങ് പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതോടെ ഇതുവഴി യാത്ര ചെയ്യുന്ന ജനങ്ങളുടെ ദുരിതവുമേറും. കോട്ടമുറി-പള്ളിപ്പാട് റൂട്ടില്‍ കുറച്ച് ഭാഗത്ത് റോഡിന്റെ പകുതി പൊളിച്ചിട്ടിരിക്കുകയാണ്.

ബാക്കി ഭാഗങ്ങളാകട്ടെ തകര്‍ന്നും കിടക്കുകയുമാണ്. എന്നാല്‍ വല്ലൂര്‍കാട്ടില്‍ തോട്, കരിക്കാട്ട് തോട് എന്നിവിടങ്ങളിലെ കലുങ്കുകള്‍ കഴിഞ്ഞ ദിവസം പൊളിച്ച് പുനര്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കോട്ടമുറി മുതല്‍ ഇലഞ്ഞിമേല്‍ വരെയുള്ള ഭാഗത്തെ ടാറിങ് പൂര്‍ത്തിയായി. ഓടകളുടെയും മറ്റും നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.