തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി

Tuesday 26 March 2019 11:57 am IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം ബാധകമാക്കിയിരിക്കുന്നതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഉള്ളടക്കങ്ങളോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള അല്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോസ്റ്റുകള്‍ അല്ലെങ്കില്‍ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉദ്യോഗസ്ഥര്‍ പ്രചരിപ്പിക്കരുത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തികഞ്ഞ നിഷ്പക്ഷത പാലിക്കണം. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായി വേണം പ്രവര്‍ത്തിക്കേണ്ടത്. എല്ലാ പാര്‍ട്ടികളോടും സ്ഥാനാര്‍ഥികളോടും തുല്യതയോടെയും നീതിബോധത്തോടെയും സുതാര്യതയോടെയും നിഷ്പക്ഷമായും സമീപിക്കണം.

തെരഞ്ഞെടുപ്പിലെ ഏതെങ്കിലും പാര്‍ട്ടിക്ക് അല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് മാത്രം ഗുണകരമാകുമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയിലും സര്‍ക്കാര്‍ ജീവനക്കാര്‍ ഏര്‍പ്പെടരുത്. ഉദ്യോഗസ്ഥര്‍ അവരുടെ പേര്, പദവി, അധികാരം എന്നിവ ഒരു പ്രത്യേക വ്യക്തിയെ സഹായിക്കുന്നതിനോ അല്ലെങ്കില്‍ എതിര്‍ക്കുന്നതിനോ ഒരു വിഭാഗത്തെ സഹായിക്കുന്നതിനോ എതിര്‍ക്കുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തമായി ഒരു തെരഞ്ഞെടുപ്പ് യോഗവും സംഘടിപ്പിക്കാന്‍ പാടില്ല. കൂടാതെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഔദ്യോഗികമായി പങ്കെടുക്കുകയും അരുത്. എന്നാല്‍ സുരക്ഷാകാര്യങ്ങളുമായോ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഇത് ബാധകമല്ല.

 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ര്ടീയ പാര്‍ട്ടികളിലോ രാഷ്ര്ടീയത്തില്‍ ഇടപെടുന്ന സംഘടനകളിലോ അംഗം ആകരുത്. കൂടാതെ എല്ലാവിധ രാഷ്ര്ടീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കണം. ഉദ്യോഗസ്ഥര്‍ വോട്ടുതേടാന്‍ പാടില്ല.  തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിലവിലുള്ള അവരുടെ പെരുമാറ്റ ചട്ടം, ക്രിമിനല്‍ പ്ര?സീജിയര്‍ കോഡ്, 1951ലെ ജനപ്രാതിനിധ്യ നിയമം എന്നിവര്‍ ലംഘിക്കുവാന്‍ പാടില്ല എന്നും ഉത്തരവ് വ്യക്തമാക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.