സൂര്യതാപ മുന്നറിയിപ്പ് ലംഘിച്ചു: ആലുവയില്‍ റോഡുപണി തടഞ്ഞു

Tuesday 26 March 2019 12:30 pm IST

ആലുവ: സുര്യതാപം കണക്കിലെടുത്ത് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന ഉത്തരവ് ലംഘിച്ച് ആലുവയില്‍ പിഡബ്യൂഡി റോഡുപണി തൊഴില്‍ വകുപ്പ് തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പൈപ്പ് ലൈന്‍ റോഡില്‍ നിര്‍മ്മല സ്‌കൂളിന് പിന്നിലെ റോഡില്‍ നടന്ന ടാറിങ് ജോലികളാണ് ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം ആലുവ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജഹ്ഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. 

വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍വകുപ്പ് തൊഴില്‍ സമയം ക്രമീകരിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ പുറം ജോലികള്‍ ചെയ്യിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഇത് അവഗണിച്ച് നിര്‍മാണം തുടരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. 

കാക്കനാട് കെട്ടിട നിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. 

ഇത് ലംഘിച്ച ആറ് തൊഴിലിടങ്ങളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി ബിജു അറിയിച്ചു. 

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 180042555214 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.