നെല്ല് സംഭരണം വൈകുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Wednesday 27 March 2019 6:36 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ ഇത്തവണ പുഞ്ചക്കൃഷിയില്‍ റെക്കോഡ് വിളവുണ്ടായിട്ടും നെല്ല് സംഭരണം വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ സംഭരണം ഇഴയുന്നെന്നും ത്രാസില്‍ കൃത്രിമമുണ്ടെന്നും ചില നെല്ല് സംഭരണ കേന്ദ്രങ്ങളില്‍ നിന്നു പരാതി ഉയര്‍ന്നു. ലീഗല്‍ മെട്രോളജി വകുപ്പ് അംഗീകരിച്ച് ലോഗോ പതിച്ച ത്രാസ് മാത്രമേ നെല്ല് സംഭരിക്കാന്‍ അനുവദിച്ചിട്ടുള്ളൂവെങ്കിലും പലയിടത്തും പാലിക്കപ്പെടുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളില്‍ 54 മില്ലുടമകള്‍ നെല്ലെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കുറി 45 പേര്‍ മാത്രം. എന്നാല്‍, നെല്ലെടുക്കാന്‍ എത്തിയത് 37 മില്ലുടമകള്‍ മാത്രം. ഇതാണ് സംഭരണം വൈകുന്നതിന് പ്രധാന കാരണം. കുട്ടനാട്ടില്‍ പകുതിയോളം പാടത്തും വള്ളത്തില്‍ നെല്ല് റോഡില്‍ എത്തിച്ചാല്‍ മാത്രമേ വലിയ ലോറിയില്‍ കയറ്റി കൊണ്ടുപോകനാകൂ. വള്ളത്തിന്റെ കുറവും ചെറിയ ലോറിയുടെ കുറവും നെല്ലെടുപ്പിനെ കാര്യമായി ബാധിക്കുന്നു.

ഓരോ പാടത്തും നെല്ലെടുക്കുന്നതിന് ഓണ്‍ലൈനിലൂടെയാണ്  മില്ലുകള്‍ക്കു ചുമതല നല്‍കിയിട്ടുള്ളത്. അതിനാല്‍ ഏതു ഏജന്‍സി ഏതു പാടത്തെ നെല്ല് സംഭരിക്കാന്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയാനാകില്ല. ഓരോ മില്ലുകള്‍ക്കും സപ്ലൈകോ നിശ്ചയിച്ച നെല്ലില്‍ കൂടുതല്‍ സംഭരിക്കാന്‍ കഴിയില്ല. ഇക്കുറി അതിനു മാറ്റംവരുത്തി നല്‍കിയാല്‍ മാത്രമേ കൂടുതല്‍ നെല്ല് സംഭരിക്കാനാകൂ. നെല്ല് സംഭരണത്തിനു കാലതാമസം നേരിടുന്നതു വിളവിലെ വര്‍ധനയാണെന്നാണ് അധികൃതര്‍ പറയുന്നത്.  

കഴിഞ്ഞ പുഞ്ച സീസണില്‍ നിന്നു വ്യത്യസ്തമായി 50 ശതമാനം വര്‍ധന വിളവിലുണ്ടായിട്ടുണ്ട്. പല പാടശേഖരങ്ങളിലും അഞ്ചു മുതല്‍ 10 കിലോ നെല്ലു വരെ അധിക തൂക്കം നെല്ല് (കിഴിവ്) മില്ലുകാര്‍ ചോദിക്കുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.