ആലപ്പുഴ: വയനാടും തൃശൂരും ഒഴികെ ബിഡിജെഎസിനു ലഭിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആലത്തൂരില്‍ ടി.വി. ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്, മാവേലിക്കരയില്‍ തഴവ സഹദേവന് എന്നിവര്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുള്ളില്‍ ബിഡിജെഎസ് കൗണ്‍സില്‍ ചേര്‍ന്നു തീരുമാനിക്കും. താന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നും തുഷാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൃശൂരില്‍ മത്സരിച്ചാല്‍ തോല്‍ക്കില്ല, വയനാട്ടില്‍ താന്‍ മത്സരിക്കണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മത്സരിക്കും. സീറ്റ് തീരുമാനിച്ചിട്ടില്ലെന്നു മാത്രം. ബിജെപിയും, എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളും താന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിച്ചാല്‍ താന്‍ പരാജയപ്പെടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. ബിഡിജെഎസിനെയും എസ്എന്‍ഡിപിയേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മതേതര പാര്‍ട്ടിയാണ് ബിഡിജെഎസെന്നും തുഷാര്‍ പറഞ്ഞു.
പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്പോള്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയും. വയനാട്ടില്‍ രാഹുലിനെതിരെ മത്സരിക്കാന്‍ ആത്മവിശ്വാസമുണ്ടെന്നും തുഷാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: