പനാജി: ഗോവയിൽ മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. എംഎല്‍എമാരായ മനോഹര്‍ അജ്ഗോന്കര്, ദീപക് പവസ്കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നല്‍കുകയായിരുന്നു. ഇതോടെ 40 അംഗ ഗോവ നിയമസഭയിൽ ബിജെപി എംൽഎമാരുടെ എണ്ണം 14 ആയി.
ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപി സർക്കാരിനുണ്ട്. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ സുദിന് ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല. എന്നാൽ ഒരു പാർട്ടിയുടെ മൂന്നിൽ രണ്ട് എംഎൽമാർ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എംഎല്‍എമാര്‍ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും.
അതേസമയം, മൂന്നാമത്തെ എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ സുദിന് ധവലികര്‍ എംജിപിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: