25 ലക്ഷം തട്ടിയ ചിട്ടിസ്ഥാപന എംഡി അറസ്റ്റില്‍

Wednesday 27 March 2019 11:38 am IST

വൈപ്പിന്‍: 25 ലക്ഷം തട്ടിച്ചെടുത്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എംഡിയെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം ദി ട്രേഡിംഗ് ആന്റ് ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തിന്റെ എംഡി നായരമ്പലം കാട്ടിപ്പറമ്പില്‍ പ്രഭാകരന്റെ മകന്‍ ജോഷി(57) യാണ് അറസ്റ്റിലായത്.

നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും സ്വീകരിച്ച നിക്ഷേപത്തുക മടക്കി നല്‍കാതെ നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു. ഇതുവരെ ലഭിച്ച പരാതിയില്‍ പറയുന്ന കണക്കുകള്‍ അനുസരിച്ച് 25 ലക്ഷം രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത്. പരാതിക്കാരുടെ എണ്ണവും തുകയുടെ വലുപ്പവും  ഇനിയും വര്‍ധിക്കുമെന്നാണ് പോലീസ് പറയുന്നത്.

എംഡിയെക്കൂടാതെ കമ്പനിയുടെ ബാക്കി നാല് ഡയറക്ടര്‍മാരും വഞ്ചനാക്കേസില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഞാറക്കല്‍ സി.ഐ. സജിന്‍ ശശി, എസ്.ഐമാരായ സംഗീത് ജോബ്, ജോണ്‍സണ്‍, എഎസ്‌ഐ ഹരി  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.