ജാഗ്രതാ നടപടികള്‍ ആരംഭിച്ചു

Wednesday 27 March 2019 11:45 am IST

വൈപ്പിന്‍: അന്തരീക്ഷ താപനിലയിലുണ്ടായ അപകടകരമായ വര്‍ദ്ധനവിനെ തുടര്‍ന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയില്‍ മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ജാഗ്രതാ നടപടികള്‍ ആരംഭിച്ചു. സൂര്യാഘാതവും നിര്‍ജലീകരണവും തടയുന്നതിനുവേണ്ടി പൊതുജനങ്ങളിലും മത്സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ള പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. 

അനൗണ്‍സ്‌മെന്റ്്, പോസ്റ്റര്‍ പ്രചരണം, ലഘുലേഖകള്‍ എന്നിവ വിതരണം ചെയ്തു. പ്രദേശത്ത് 74 ഒആര്‍എസ് ഡിപ്പോകള്‍ സജ്ജമാക്കിയിട്ടുണ്ട്. മുനമ്പം പ്രദേശത്തുനിന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലഘുവായ സൂര്യാഘാതം ഉണ്ടായതിനാല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന ദ്രുതകര്‍മ്മസേന യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: കീര്‍ത്തി. പി, ഡോ: അമൃതാ കുമാരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എ. സോജി, പി.ജി. ആന്റണി, നിഷ .എ.കെ, ആനി .പി.ഡി. തുടങ്ങിയവര്‍ സംസാരിച്ചു. 

ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ സഹകരണത്തോടെ റിലയന്‍സ് ഫൗണ്ടേഷന്‍ വഴി കടലിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം കൈമാറുന്നതിന് തീരുമാനിച്ചു. യാത്രയില്‍ ഉള്ളവരും കുടിവെള്ളം കരുതണം. ദാഹം അനുഭവപ്പെടുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്നും, നേരിട്ട് വെയിലേല്‍ക്കാത്തവിധം പുറം ജോലികള്‍ ക്രമീകരിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

കുട്ടികളെയും പ്രായമായവരെയും രോഗികളെയും കൂടുതല്‍ ശ്രദ്ധിക്കണം. അമിത ക്ഷീണം, ഓക്കാനം, ഛര്‍ദി, ബോധക്ഷയം, ചുഴലി രോഗലക്ഷണങ്ങള്‍, കടുത്ത തലവേദന, തൊലിപ്പുറത്തെ ചുവന്ന നിറവും വേദനയും പൊള്ളിയപോലെയുള്ള ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.