നഗരസഭാ റോഡും കനാലും കുത്തിപ്പൊളിച്ച് സ്ഥലം നികത്തി

Wednesday 27 March 2019 11:50 am IST

കളമശേരി: കളമശേരി നഗരസഭയില്‍ തേവയ്ക്കല്‍ ചിറമോളത്ത് റോഡും ഇറിഗേഷന്‍ കനാല്‍ ഭിത്തിയും കുത്തിപ്പൊളിച്ച് സ്വകാര്യ വ്യക്തി സ്ഥലം നികത്തി. നഗരസഭ പതിനഞ്ചാം വാര്‍ഡില്‍ നഗരസഭ ടാര്‍ ചെയ്ത റോഡും റോഡിന്റെ അരികിലൂടെ പോകുന്ന കനാലിന്റെ മൂന്നടിയിലേറെ പൊക്കമുള്ള ഭിത്തിയുമാണ് ഇടിച്ച് നിരത്തി മണ്ണെടുത്തത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് റോഡിലേക്കുള്ള കയറ്റം കുറയ്ക്കാനായാണ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച്  ടാര്‍ റോഡ് കുത്തി പൊളിച്ചത്. 

40 മീറ്ററിലേറെ നീളത്തില്‍ റോഡ് മൂന്നടിയോളം താഴ്ത്തി മണ്ണും ടാര്‍ ചെയ്തതിന്റെ ഭാഗങ്ങളും സ്വകാര്യ വ്യക്തിയുടെ ഭൂമി നികത്താനെടുക്കുകയായിരുന്നു. ഇതോടൊപ്പം വേനല്‍കാലത്ത് കനാല്‍ ജലം ചിറമോളത്ത് പ്രദേശത്തേക്ക് ഒഴുകിയെത്താനുളള ഒരു മീറ്ററോളം വീതിയുള്ള കനാലിന്റെ ഭിത്തി വെട്ടിപ്പൊളിച്ച റോഡിന് ലവലാക്കി പൊളിച്ചുമാറ്റിയിരിക്കുകയാണ്.

മൂന്നടിയിലേറെ പൊക്കമുണ്ടായിരുന്ന ഭിത്തി വെളളം റോഡിലേക്ക് ഒഴുകന്നത് തടയുമായിരുന്നു. നിലവില്‍ റോഡ് നിരപ്പില്‍ നിന്ന് അധികം താഴ്ചയില്ലാത്ത അവസ്ഥയിലാണ് കനാല്‍. ഈ മാസം അവസാനത്തോടെ കനാലില്‍ വെള്ളം തുറന്നു വിടും. കനാല്‍ ഭിത്തി പഴയതുപോലെ ഉയര്‍ത്തി പണിതില്ലെങ്കില്‍ വെള്ളം കനാലിലൂടെ ഒഴുകാതെ റോഡിലേക്കൊഴുകുമെന്നും സമീപവാസികള്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.