എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കുക

Wednesday 27 March 2019 3:46 pm IST

കണ്ണൂര്‍: ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ. നാരായണ നായ്ക് അറിയിച്ചു.

വായുവിലൂടെ പകരുന്ന ഈ രോഗം ഇന്‍ഫ്‌ളുവന്‍സ എ ഗ്രൂപ്പില്‍ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സാധാരണ വൈറല്‍ പനിയുടെ ലക്ഷണങ്ങളായ പനി, ശരീരവേദന, തൊണ്ട വേദന, തലവേദന, വരണ്ട ചുമ, വിറയല്‍, ചിലപ്പോള്‍ ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാം. മിക്കവരിലും നാല്, അഞ്ച് ദിവസം കൊണ്ട് ഈ രോഗം ഭേദമാകുമെങ്കിലും ചിലരില്‍ ഇത് ഗുരുതരമായി ശ്വാസതടസ്സം, ഓര്‍മ്മക്കുറവ്, അപസ്മാരം, സ്വഭാവ വ്യതിയാനങ്ങള്‍ തുടങ്ങിയവ കണ്ടേക്കാം. 

ഗര്‍ഭിണികള്‍, അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, പ്രമേഹ രോഗികള്‍, വൃക്ക രോഗം, കരള്‍ രോഗം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗം ബാധിച്ചവര്‍ തുടങ്ങിയവര്‍ ഈ രോഗത്തിനെതിരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ജില്ലയില്‍ എല്ലാ ആശുപത്രികളിലും കൃത്യമായ ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സാ സംവിധാനവും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. രോഗം ബാധിച്ചവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക, മതിയായ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.