ഡോക്ടര്‍മാരുടെ കൂട്ട അവധി: ജില്ലാ ആശുപത്രിയില്‍ ഒപി മുടങ്ങുന്നു

Wednesday 27 March 2019 3:55 pm IST

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടമായി അവധിയിലാകുന്നതുമൂലം ഒപി മുടങ്ങുന്നത് പതിവാകുന്നു. ചികിത്സക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന നൂറുകണക്കിന് രോഗികളാണ് ഇതുകാരണം ദുരിതമനുഭവിക്കുന്നു. ഇന്നലെ പത്തോളം ഡോക്ടര്‍മാരാണ് അവധിയെടുത്തത്. ഓര്‍ത്തോ വിഭാഗത്തിലെ നാല് ഡോക്ടര്‍മാരും ത്വക്ക് രോഗ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും ഇന്നലെ അവധിയിലായിരുന്നു. 

മെഡിസിന്‍, ഇഎന്‍ടി, എന്നീവിഭാഗത്തിലെ ഡോക്ടര്‍മാരും അവധിയിലായതോടെ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലച്ചത് രോഗികളെ വലച്ചു. തിങ്കളാഴ്ചയും ഇതുതന്നെയായിരുന്നു സ്ഥിതി. കനത്ത ചൂടും സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചികിത്സതേടിയെത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ അസാന്നിധ്യം കാരണം മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ്. പലരും ആശുപത്രിയിലെത്തി മണിക്കുറുകള്‍ കാത്തിരുന്ന ശേഷമായിരിക്കും ഡോക്ടര്‍മാരില്ല എന്ന വിവരം അറിയുന്നത്. 

സാരമായ രോഗം ബാധിച്ചവര്‍ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിപോവുകയാണ് പതിവ്. ഇത്തരം ആശുപത്രികളിലാവട്ടെ കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് രോഗികളില്‍നിന്നും ഈടാക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ മാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.