മാരക ലഹരി ഉത്പന്നങ്ങളുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Wednesday 27 March 2019 4:00 pm IST

ഇരിട്ടി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്ക് മരുന്നുകളുമായി മൂന്ന് യുവാക്കളെ കൂട്ടുപുഴ കിളിയന്തറയില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് പാറാല്‍ സ്വദേശി റുബീന മന്‍സിലില്‍ സുല്‍ത്താന്‍ ഹൈദരാലി (21), കണ്ടംകുന്ന് സ്വദേശി സജിന മന്‍സിലില്‍ കെ.പി. ജസീല്‍ (22),  മയ്യില്‍ കയരളം മൊട്ട സ്വദേശി കെ.പി. ഹൗസില്‍ തമീം (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറില്‍  ഒളിപ്പിച്ച നിലയില്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ, എല്‍ എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കണ്ടെടുത്തു.  സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായും ഇയാളെ കുറിച്ച്  അന്വേഷണം ആരംഭിച്ചതായും  എക്‌സൈസ് സംഘം അറിയിച്ചു. 

 തിങ്കളാഴ്ച രാത്രി കിളിയന്തറ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലാകുന്നത്. ലഹരിവസ്തുക്കള്‍ കാറില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസ്സെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. 

കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. പ്രേമരാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. സുധീരന്‍, കെ.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു, വിജേഷ്, വിനോദ്, സിപിഒ ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.