ജില്ലാ കോടതി പരിസരത്ത് പോലീസ് സുരക്ഷ ഇല്ലാത്തത് സാക്ഷികള്‍ക്കും മറ്റും ഭീഷണിയാകുന്നു

Wednesday 27 March 2019 4:06 pm IST

തലശ്ശേരി: ജില്ലാ കോടതി പരിസരത്ത് ആവശ്യമായ പോലീസ് സുരക്ഷ ഇല്ലാത്തത് കോടതിയിലെത്തുന്ന സാക്ഷികള്‍ക്കും മറ്റും കടുത്ത ഭീഷണിയായി മാറുന്നു. നിരവധി രാഷ്ട്രീയ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കേസുകളുടെ വിചാരണ നടക്കുന്ന ജില്ലാ കോടതി കോംപ്ലക്‌സിലാണ് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നത്. ഒന്നുമുതല്‍ നാലുവരെയുള്ള അതിവേഗ കോടതികളില്‍ പ്രമാദമായ ഒട്ടേറെ കേസുകളാണ് വിചാരണക്കെത്തുന്നത്. നിരവധി പ്രതികളും സാക്ഷികളും ഇതിനായി കോടതിയിലെത്തുമ്പോള്‍ ഭീഷണി നേരിടുന്നത് പതിവ് സംഭവമാണ്.

ചില ഘട്ടങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കോടതി പരിസരം വേദിയായി മാറാറുണ്ട്. കഴിഞ്ഞദിവസം കേളകം അമ്പായത്തോട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിപറയാനെത്തിയവരെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ജില്ലാ കോടതി മുറ്റത്ത് തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് കല്ലുപുരക്കല്‍ ജോമോന്റെ പരാതി പ്രകാരം സിപിഎം പ്രവര്‍ത്തകരായ വരദന്‍, സണ്ണി, രാജേഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജയ്‌മോനെ തടഞ്ഞുവെച്ച് കൊലഭീഷണി മുഴക്കി എന്ന പരാതിയിലാണ് കേസ്. 

യൂത്ത് കോണ്‍ഗ്രസ് അമ്പായത്തോട് ബൂത്ത് പ്രസിഡണ്ടായിരുന്ന ബാലന്‍ ആത്മഹത്യ ചെയ്ത കെസിന്റെ വീചാരണക്കായി കോടതിയിലെത്തിയതായിരുന്നു ജയ്‌മോന്‍. 2011ല്‍ മാര്‍ച്ച് 30നാണ് ബാലനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ബാലനെ വസ്ത്രമുരിഞ്ഞ് തൂണില്‍ക്കെട്ടി മര്‍ദ്ദിച്ചിരുന്നു. പിറ്റേദിവസം രാവിലെയാണ് ബാലനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് ഒമ്പത് സിപിഎം കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വിചാരണയ്‌ക്കെത്തിയപ്പോഴാണ് ഒരുസംഘം ഭീഷണിമുഴക്കിയത്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ വിധി വരുന്ന ദിവസങ്ങളില്‍ പോലീസ് സുരക്ഷയുണ്ടാകാറുണ്ടെങ്കിലും  മറ്റു ദിവസങ്ങളില്‍ ഇതുണ്ടാകാറില്ല. വിധി പ്രസ്താവിക്കുന്ന ദിവസങ്ങളില്‍ ജഡ്ജിമാര്‍ക്കെതിരെ പോലും പ്രതിഷേധമുയരാറുണ്ട്. എന്നിട്ടും ആവശ്യമായ സുരക്ഷയൊരുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.