പൂര്‍ണ്ണവിരാമമുള്ള കഥകള്‍

Wednesday 27 March 2019 4:29 pm IST

എപ്പോഴും പേര് നിലനിര്‍ത്തണമെന്ന ആഗ്രഹക്കാരിയായിരുന്നില്ല എഴുത്തുകാരി അഷിത.എഴുത്തുമുട്ടി വിളിക്കുമ്പോള്‍ മാത്രം ശരണകേടില്‍ നിന്നുള്ള രക്ഷയ്ക്ക് കഥയും കവിതയും എഴുതുകയായിരുന്നു അവര്‍. കുറച്ചെഴുതി വലിയ മുഴക്കങ്ങള്‍ തീര്‍ത്തു പോയതാണ് അഷിതയുടെ കഥകളും കവിതകളും. ഏതെങ്കിലുമൊരു സാഹിത്യകാലഘട്ടത്തിലെ കഥകളായിരുന്നില്ല അവരുടേത്. മലയാളത്തിലെ ആധുനികാനന്തര കഥാകാലത്തെ എഴുത്തുകാരിയെന്ന് അഷിതയെ നിര്‍വചിക്കുന്നവര്‍ കാണാതെപോകുന്നത് അവരുടെ കഥകളുടെ സ്വഭാവം, പഴയതും പുതിയതും ഒരുപോലെ ആയിരുന്നുവെന്നതാണ്. ജീവിതാനുഭവത്തിന്റെ കനംതിങ്ങിയ ആ കഥകള്‍ക്ക് കാലംമാറുന്നതനുസരിച്ചുള്ള വേഷം വേണ്ടിയിരുന്നില്ല. ജീവിതത്തിന്റെ പീഡാനുഭവങ്ങളുടെ വാങ്മയചിത്രങ്ങളെഴുതിയ അഷിതയുടെ കഥകള്‍ കാലം ആവശ്യപ്പെടുന്നതിനെക്കാള്‍ കാലത്തിനപ്പുറം നില്‍ക്കുന്നവയാണ്.ഹൈക്കു എന്നു വിശേഷിപ്പിക്കുന്ന അവരുടെ കവിതകളാകട്ടെ എന്നും ആരവമുതിര്‍ക്കുന്ന വലിയൊരു വികാരക്കടല്‍ അമര്‍ത്തിയ ജലത്തുള്ളിയായിരുന്നു. 

 എഴുത്തിനെക്കാള്‍ ചുട്ടുപൊള്ളുന്ന ജീവിതത്തിന്റെ കഥകളാണ് അഷിത എഴുതിയത്.  അവരുടെ ആദ്യകഥാസമാഹാരമായ അപൂര്‍ണ്ണവിരാമങ്ങള്‍പോലെ, ഇനിയും എത്ര പറയാനുണ്ടെന്ന തരത്തില്‍ അതും അപൂര്‍ണ്ണമാണ്. അടുത്തകാലത്ത് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പെയ്ത്തുംകടവ് അഷിതയുമായി നടത്തിയ അഭിമുഖം ഞെട്ടിക്കുന്ന ചര്‍ച്ചകളുണ്ടാക്കിയിരുന്നു. ചെറുപ്പത്തില്‍ സ്വന്തം വീട്ടുകാര്‍തന്നെ എഴുത്തുകാരിയുടെ ശത്രുവാകുകയും അതിന്റെപേരില്‍ ചെയ്തുകൂട്ടിയ ക്രൂരതയും വായിച്ചവര്‍ക്ക് ഓര്‍ക്കുമ്പോള്‍ പേടിതോന്നാം. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ആത്മഹത്യവരെ ചെയ്യാമായിരുന്നതില്‍നിന്നാണ് അഷിത രക്ഷപെട്ടത്. ഒരുപക്ഷേ ഉള്ളില്‍ അവര്‍ പലതവണ ആത്മാവിനെ ഒഴിവാക്കിയിട്ടുണ്ടാകും. അപ്പോഴേ ഉണ്ടായിരുന്ന ആത്മീയതയുടെ നനവും പിന്നീടുണ്ടായ അതിന്റെ മഴപ്പെരുക്കവും  അന്നേ അവര്‍ കൊണ്ടതാവണം അത്തരം ശൂന്യതയില്‍ നിന്നും രക്ഷപെടാന്‍ കാരണം.ഗുരു നിത്യയും റൂമിയുമൊക്കെ അവര്‍ക്കുള്ളില്‍ വിരിച്ച ആത്മീയതയുടെ ക്ഷമപരവതാനിയില്‍ മനസുറപ്പിച്ചുനിര്‍ത്തിയതിനാലാവണം ജീവിതവും എഴുത്തും ഇങ്ങനെയൊക്കെ പിന്നീടാകാന്‍ കാരണം. ഒരു പക്ഷേ ക്യാന്‍സറിനെ ഇത്രകാലം പിടിച്ചുനിര്‍ത്തിയതും ആ മനസായിരിക്കണം.       

മറ്റാര്‍ക്കും പാകമാകാത്ത അഷിതയുടെ കഥകകള്‍ ഉരുവംകൊണ്ടത് സ്വന്തം ജീവിതത്തില്‍ നിന്നാണ്.അല്ലെങ്കില്‍ ജീവിതം കഷ്ണിച്ചുവെച്ചതായിരുന്നു ആ കഥകള്‍. എഴുതുന്ന കഥകള്‍ എഴുത്തുകാരുടെ ജീവിതത്തേക്കാള്‍ തീവ്രമാകുന്നവരുടെ കൂട്ടത്തില്‍ ജീവിതത്തിന്റെ തീവ്രതയിലേക്കെത്താനുള്ള പെരുവഴിയായിരുന്നു അഷിതയ്ക്ക് കഥയും കവിതയും. സ്ത്രീയുടെ വിവിധതരം പര്യായങ്ങളാണ് അഷിത എഴുത്തിലൂടെ കാട്ടിയത്. സങ്കടവും പോരാട്ടവും സ്വാതന്ത്ര്യവുമൊക്കെ കാംക്ഷിക്കുന്ന സ്ത്രീ എഴുത്തുകാരിയുടെ തന്നെ വിവിധ വേഷങ്ങളായിരുന്നു. അനുഭവങ്ങളില്ലാതെ വൈറലാകാന്‍വേണ്ടി ഇന്ന് സ്ത്രീപക്ഷം ഉപയോഗിക്കുന്നവരില്‍ നിന്നും ഭിന്നമായി അഷിതയുടെ കഥയിലെ സ്ത്രീ സ്വാഭാവികതയായിരുന്നു.മുഷ്ടിചുരുട്ടാതെ തന്നെ അവള്‍ സ്ത്രീ പക്ഷത്തെക്കാള്‍ ശക്തയാണ്.

പത്രഭാഷയിലെഴുതി, എഴുത്തുകാരന്റെ പേരെഴുതിയില്ലെങ്കില്‍ എല്ലാം ഒരുപോലെ തോന്നിക്കുന്ന ഇന്നത്തെ പുതുവെഴുത്തുകാരില്‍നിന്നും പി.വത്സലയേയും ഗ്രേസിയേയും തിരിച്ചറിയുന്നപോലെ അഷിതയെയും  തിരിച്ചറിയാം.കാരണം അവര്‍ മറ്റുള്ളവരെപ്പോലെയല്ല അവരെപ്പോലെയാണ് എഴുതുന്നത്. ആദ്യകാല കഥകളിലൊന്നായ അപൂര്‍ണ്ണ വിരാമങ്ങള്‍ എന്ന പേര് പൊതുവായി അഷിതകളുടെ കഥകള്‍ക്കു കൊടുക്കാമെന്നു തോന്നുന്നു. ഈ ശീര്‍ഷകത്തിലെ വൈരുധ്യമായിരുന്നല്ലോ എഴുത്തുകാരിയുടെ ആദ്യകാലജീവിതം.

അഷിതയുടെ കഥകള്‍,മഴമേഘങ്ങള്‍, തഥാഗത,മീരപാടുന്നു,ഒരു സ്ത്രീയും പറയാത്തത്,കല്ലുവെച്ച നുണകള്‍ എന്നിവയാണ് അഷിതയുടെപ്രധാനകൃതികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.