വാജ്പേയി നാലു സംസ്ഥാനങ്ങളുടെ എം പി

Wednesday 27 March 2019 8:53 pm IST
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമാണ് 1984 ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ്സിലെ മാധവറാവു സിന്ധ്യയോട് 177361 വോട്ടിനാണ് ഗ്വാളിയറില്‍ വാജ്പേയി തോറ്റത്. ബിജെപിയുടെ ലോക്സഭാംഗത്വം രണ്ടില്‍ ഒതുങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്.

ലോക്സഭയിലേക്ക് 18 മത്സരം, മധ്യപ്രദേശ്, ഗുജറാത്ത്, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ നാലുസംസ്ഥാനങ്ങളില്‍ നിന്നായി 12 വിജയം.  രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയം. ഒരുതെരഞ്ഞെടുപ്പില്‍  മൂന്നു മണ്ഡലത്തില്‍ മത്സരിക്കുക. രണ്ടു തവണ രാജ്യസഭയില്‍, മന്ത്രി, പ്രതിപക്ഷനേതാവ്, പ്രധാനമന്ത്രി  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ എല്ലാകടമ്പകളിലൂടെയും കടന്നു പോയ അടല്‍ ബിഹാരി വാജ്പേയിയുടെ  റെക്കോര്‍ഡുകള്‍ മറികടക്കുക അസാധ്യം 

1955 ലായിരുന്നു കന്നി മത്സരം. ലക്നോ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നെഹ്റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്റു  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്പേയിക്കായി.

 1957 ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പില്‍ വാജ്പേയി ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിപട്ടികയിലെ പ്രധാനിയായി. ലക്നോ ബല്‍റാംപൂര്‍, മധുര എന്നീ മൂന്നുമണ്ഡലങ്ങളിലും് സ്ഥാനാര്‍ത്ഥിയായി  കോണ്‍ഗ്രസ്സിന്റെ മേധാവിത്വം ജനസംഘത്തിന് മികച്ച സ്ഥാനാര്‍ത്ഥികളെ കിട്ടാനുള്ള പ്രയാസവുമായിരുന്നു  മൂന്നു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ഒരാള്‍ തന്നെ ആയത്. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലക്നോയിലും മധുരയിലും തോറ്റു. മികച്ച മത്സരം കാഴ്ചവച്ച ലക്നോയില്‍ രണ്ടാംസ്ഥാനത്ത് എത്തി. മധുരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിക്കുകയും കോണ്‍ഗ്രസ്സിനു പിന്നില്‍ മൂന്നാംസ്ഥാനത്തേക്ക് വാജ്പേയി പിന്തള്ളപ്പെടുകയും ചെയ്തു.

1962 ലെ മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പിലും വാജ്പേയിക്ക് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടിവന്നു. സിറ്റിംഗ് സീറ്റായ ബല്‍റാംപൂരിലും രണ്ടാംസ്ഥാനത്തെത്തിയ ലഖ്നോവിലും. ജനസംഘത്തിന്റെ ഔദ്യോഗിക വക്താവായി മാറിയ വാജ്പേയിക്കെതിരെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ചതിന്റെ ഫലമായിരുന്നു സിറ്റിംഗ് സീറ്റിലെ വാജ്പേയിയുടെ തോല്‍വി.  1052 വോട്ടിനാണ് തോറ്റത്. ലക്നോവില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഫലം. വാജ്പേയി തോറ്റെങ്കിലും ജനസംഘത്തിന്റെ ലോക്സഭയിലെ അംഗബലം 4ല്‍ നിന്ന് 14 ആയി ഉയര്‍ന്നു.

വാജ്പേയിയുടെ നേതൃത്വം ജനസംഘത്തിന് പാര്‍ലമെന്റില്‍ ആവശ്യമായിരുന്നതിനാല്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് ജയിപ്പിച്ചു. 67ല്‍ നാലാം ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാംഗമായിരിക്കുമ്പോള്‍ തന്നെ മത്സരത്തിനിറങ്ങി. ആദ്യം ജയിപ്പിക്കുകയും പിന്നെ തോല്‍പ്പിക്കുകയും ചെയ്ത ബലറാംപൂര്‍ തന്നെയായിരുന്നു മണ്ഡലം. 31742 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച്  വീണ്ടും ലോക്സഭയിലെത്തി.

1971ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി.  ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടിയത്. 70310 വോ്ട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സിന്റെ ഗൗതം ശര്‍മ്മയെ തോല്‍പ്പിച്ച് അഞ്ചാം ലോക്സഭയില്‍ അംഗമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. വാജ്പേയിക്ക് 1,25,936 വോട്ടു കിട്ടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ശശിഭൂഷണ് കിട്ടിയത് 47750 വോട്ടുകള്‍ മാത്രം. ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു.  വാജ്പേയി വിദേശകാര്യമന്ത്രിയാകുന്നതും ഈ തെരഞ്ഞെടുപ്പിലൂടെയാണ്. 1980ലും ദല്‍ഹി തന്നെയായിരുന്നു മണ്ഡലം. മലയാളിയായ സി.എം സ്റ്റീഫനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയ സ്റ്റീഫനെയും തോല്‍പ്പിച്ചു. ബിജെപി രൂപീകരിച്ചതിനുശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പായിരുന്നു അത്.  വാജ്പേയി പ്രതിപക്ഷ നേതാവായി.

 ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗമാണ് 1984 ലെ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കോണ്‍ഗ്രസ്സിലെ മാധവറാവു സിന്ധ്യയോട് 177361 വോട്ടിനാണ് ഗ്വാളിയറില്‍  വാജ്പേയി തോറ്റത്. ബിജെപിയുടെ ലോക്സഭാംഗത്വം രണ്ടില്‍ ഒതുങ്ങിയ തെരഞ്ഞെടുപ്പായിരുന്നു അത്. 

1986 ല്‍ വാജ്പേയി വീണ്ടും രാജ്യസഭയിലെത്തി.  അയോധ്യാ പ്ര്ശ്നം ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ വീണ്ടും പടപൊരുതണമെന്ന പാര്‍ട്ടി തീരുമാനം ശിരസാ വഹിച്ച്  മത്സരത്തിനിറങ്ങി. ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ . ഉത്തര്‍പ്രദേശിലെ ലക്നോവും മധ്യപ്രദേശിലെ വിദിശയും. ആദ്യ മൂന്നു മത്സരത്തിലും തോല്‍പ്പിച്ചുവിട്ട ലക്നോ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. ലക്ഷത്തിലധികം (1,22,303) വോട്ടിന്റെ ഭൂരിപക്ഷമാണ് നല്‍കിയത്. വിദിശയിലും ലക്ഷത്തിലധികം (1,04,134) വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്  ജയിച്ചത്. ലക്നോ നിലനിര്‍ത്തിയ 1996, 1998, 1999, 2004 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തില്‍ നിന്നു തന്നെ ജയിച്ചുകയറി. എല്ലാത്തവണയും ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. 2004ല്‍ അവസാനമായി ജയിച്ച മത്സരത്തിലെ ഭൂരിപക്ഷം 2,18,375. 1991ലെപോലെ 1996ലും രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍  വാജ്പേയിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. ലക്നോയ്ക്കുപുറമെ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആയിരുന്നു രണ്ടാമത് മണ്്ഡലം. എല്‍.കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായിരുന്നു രണ്ടാമത്തെ മണ്ഡലം. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍  താന്‍ മത്സരത്തിനില്ലെന്ന് എല്‍കെ അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്പേയിക്ക് അവിടെ മത്സരിക്കേണ്ടിവന്നത്. 188872 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചുവെങ്കിലും ലക്നോ സീറ്റ് നിലനിര്‍ത്തി ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.

2005 ഡിസംബറില്‍ മുംബൈയിലെ ശിവജിപാര്‍ക്കില്‍ ബിജെപി സുവര്‍ണജയന്തി റാലിയില്‍ ഇനി താന്‍ തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് വാജ്പേയി പ്രഖ്യാപിച്ചു. പിന്നീട് അധികം താമസിയാതെ ശാരീരിക അവശതമൂലം സജീവരാഷ്്ട്രീയത്തില്‍ നിന്നുതന്നെ പിന്‍വലിയുകയും ചെയ്തു.

മാഞ്ഞു പോയ മണ്ഡലങ്ങള്‍

 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.