അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തടഞ്ഞു

Thursday 28 March 2019 4:58 am IST

ന്യൂദല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം രണ്ടുവട്ടം യുപിഎ സര്‍ക്കാര്‍ തടഞ്ഞിരുന്നതായി  ഡിആര്‍ഡിഒ മുന്‍ മേധാവി ഡോ. വി.കെ. സാരസ്വത് വെളിപ്പെടുത്തി. 2012ലും 2013ലും മിഷന്‍ ശക്തിക്കായി അനുമതി തേടിയെങ്കിലും യുപിഎ സര്‍ക്കാര്‍ നല്‍കിയില്ല. 2007ല്‍ തന്നെ ഐഎസ്ആര്‍ഒ ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിച്ചിരുന്നതാണെന്നും എന്നാല്‍ പരീക്ഷണം നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇപ്പോള്‍ മാത്രമാണ് ഉണ്ടായതെന്നും ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി. മാധവന്‍ നായരും പ്രതികരിച്ചു. 

2007ല്‍ ചൈന സമാന പരീക്ഷണം നടത്തിയപ്പോള്‍ അമേരിക്കയും ജപ്പാനുമടക്കമുള്ള ലോകരാജ്യങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനെ ഭയന്നാവണം യുപിഎ സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടേയും ഡിആര്‍ഡിഒയുടേയും സ്വപ്‌ന പദ്ധതി മുന്നോട്ട് പോകാന്‍ അനുവദിക്കാതിരുന്നതെന്നാണ് അനുമാനം. എന്നാല്‍ ഇപ്പോള്‍ മോദിയും അജിത് ഡോവലുമുള്ളതിനാലാണ് മിഷന്‍ ശക്തി സാധ്യമായത്. ഡിആര്‍ഡിഒ മേധാവി ഡോ. സതീഷ് റെഡ്ഡി, പദ്ധതി മോദിക്കും ഡോവലിനും മുന്നില്‍ വെച്ചപ്പോള്‍ തന്നെ മുന്നോട്ടു പോകാനുള്ള അനുമതി ലഭ്യമായി. 2012-13ല്‍ അനുമതി ലഭിച്ചിരുന്നെങ്കില്‍ 2014-15ല്‍ തന്നെ ഇന്ത്യക്ക് ഈ ശേഷി കൈവരിക്കാന്‍ സാധിക്കുമായിരുന്നെന്നും വി.കെ. സാരസ്വത് പറഞ്ഞു. 

നിരവധി തവണ ഇതേ ആവശ്യമുന്നയിച്ച് യുപിഎ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും പദ്ധതി സംബന്ധിച്ച അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ എന്തിനെന്നറിയില്ല, അവര്‍ ആ ആവശ്യം നിരസിക്കുകയായിരുന്നു. നമുക്ക് ആണവ ശേഷിയും സമുദ്രാന്തരശേഷിയുമുണ്ട്. അവശേഷിച്ചിരുന്നത് ബഹിരാകാശ ശേഷിയായിരുന്നു. ഇപ്പോള്‍ അതും സാധ്യമായി. പ്രധാനമന്ത്രി വിശേഷിപ്പിച്ച പോലെ ഇതു ചരിത്ര മുഹൂര്‍ത്തമാണെന്നും സാരസ്വത് കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.