കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Thursday 28 March 2019 10:47 pm IST

വൈക്കം: മൂവാറ്റുപുഴ ആറില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരട്ട സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയ്ക്കു സമീപം നന്ദനത്തില്‍ അനില്‍കുമാറിന്റെയും തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിലെ ലൈബ്രറി അസിസ്റ്റന്റ് റീനയുടയും മക്കളായ പൂത്തോട്ട കെ. പി.എം.എച്ച്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി സൗരവ് (16), തലയോലപ്പറമ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സന്ദീപ് (16) എന്നിവരാണ് മരിച്ചത്. 

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് വെട്ടിക്കാട്ടുമുക്ക് പാലത്തിനു താഴെ തൈക്കാവ് കടവില്‍ ആണ് അപകടം. അയല്‍വാസിയായ കൊടിയനേഴത്ത് നിയാസിന്റെ മകന്‍ അല്‍ അമീന്‍, ബന്ധു പത്തനാപുരം സ്വദേശി ഷൈജു എന്നിവര്‍ക്കൊപ്പമാണ് സൗരവും, സന്ദീപും ആറ്റില്‍ കുളിക്കാനിറങ്ങിയത്. 

ആഴത്തിലേക്കു പോയ സൗരവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ സഹോദരന്‍ സന്ദീപും വെള്ളത്തില്‍ മുങ്ങി. സന്ദീപിന്റെ കയ്യില്‍ പിടിച്ച് കരയിലേക്കു കയറ്റാന്‍ അമീന്‍ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി. ഷൈജുവിന്റെ കയ്യില്‍ പിടുത്തം കിട്ടിയതിനാലാണ് താന്‍ രക്ഷപെട്ടതെന്ന് അമീന്‍ പറഞ്ഞു. ഉടന്‍ തൊട്ടടുത്ത തടിമില്ലില്‍ ഓടിയെത്തി വിവരം പറയുകയായിരുന്നു. മില്ലിലെ ജീവനക്കാരും നാട്ടുകാരും കടുത്തുരുത്തിയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്സും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ വൈകുന്നേരം നാലോടെ കടവിനു സമീപത്തു നിന്നും സൗരവിന്റെ മൃതദേഹം കണ്ടെടുത്തു. കോട്ടയത്തു നിന്നും എത്തിയ സ്‌കൂബ ടീം മുങ്ങി തപ്പി 4.40ന് സന്ദീപിന്റെ മൃതദേഹവും കരയില്‍ എത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.