പോലീസില്‍ ശമ്പളത്തില്‍ നിന്ന് അനധികൃത പിരിവ്

Friday 29 March 2019 9:06 am IST

തിരുവനന്തപുരം: പോലീസുകാരുടെ അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്ന് പണം പിടിച്ചെടുക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ വീണ്ടും പണപ്പിരിവ്. അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ്.

ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ എക്‌സ്ടേണല്‍ റിക്കവറി എന്ന് രേഖപ്പെടുത്തിയാണ് തുക ഈടാക്കിയിരിക്കുന്നത്. തിരുവന്തപുരം സിറ്റി യൂണിറ്റിലെ പോലീസുകാരില്‍ നിന്ന് 500 രൂപ ഈ മാസം മാത്രം ഈടാക്കി. എല്ലാ മാസവും അഞ്ഞൂറിനും എഴുനൂറിനും ഇടയില്‍ പണപ്പിരിവ് നടക്കുന്നുണ്ട്. തിരുവനന്തപുരം എആര്‍ അടക്കമുള്ള ക്യാമ്പുകളില്‍ ഉള്ളവരില്‍ നിന്ന് 425 രൂപ വീതം കഴിഞ്ഞ് മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിച്ചു.

കൊല്ലം സിറ്റിയില്‍ കുടുംബ സഹായ നിധിയുടെ മറവിലാണ്  ഫണ്ട് പിരിവ്. കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ കുടുംബ സഹായ നിധിപിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് കൊല്ലം സിറ്റി ജില്ലാ പോലീസ് അക്കൗണ്ട് ഓഫീസര്‍ അറിയിപ്പ് നല്‍കിയത്. 700 രൂപ പിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരുടെ കുടുംബ സഹായ നിധിയാണെന്ന് വ്യക്തമാക്കിയിട്ടില്ല.

വിസമ്മതം ഉള്ളവര്‍ 26ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അറിയിക്കണമെന്നാണ് 25ന് ഉച്ചയ്ക്ക് ഇറക്കിയ ഉത്തരവ്. വിസമ്മതം അറിയിക്കാത്തത് സമ്മതമായി കണക്കാക്കി പണം ഈടാക്കുമെന്നും അറിയിപ്പിലുണ്ട്. പോലീസുകാര്‍ ഇക്കാര്യം അറിയുന്നത് തന്നെ 26ന് വൈകിട്ടാണ്. 

64000 പേരോളം ഉള്ള പോലീസ് സേനയില്‍ 100 രൂപ വച്ച് പിരിച്ചാല്‍ തന്നെ 64 ലക്ഷം രൂപ വരും. അഞ്ഞൂറ് മുതല്‍ 700 രൂപവരെ ഈടാക്കുമ്പോള്‍ കോടികളാണ് ഈ ഇനത്തില്‍ അസോസിയേഷനുകള്‍ക്ക് ഓരോ മാസവും ലഭിക്കുക. ഈ തുക എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പലപ്പോഴും അറിയില്ലെന്നും കുടുംബസഹായ ഫണ്ട് ലഭിക്കാനുള്ളവര്‍ നിരവധി പേരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അനധികൃത പിരിവിനെ കുറിച്ചുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് 2018 മെയ് നാലിന് ആണ് ഉദ്യോഗസ്ഥരുടെ സമ്മതം ഇല്ലാതെ ശമ്പളത്തില്‍ നിന്ന് പണപ്പിരിവ് നടത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.