പ്രകാശ്ബാബു റിമാന്‍ഡില്‍: പ്രചാരണം എന്‍ഡിഎ നേതാക്കള്‍ ഏറ്റെടുക്കുന്നു

Friday 29 March 2019 2:38 pm IST
കെ. സുരേന്ദ്രനെതിരെ നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയാണ് പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന പ്രകാശ്ബാബുവിനെതിരെയും സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ശബരിമല സമര ഭടന്മാരെ സര്‍ക്കാര്‍ ഭയക്കുകയാണ്. നീചമായ പ്രതികാര നടപടികളാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ശബരിമല ജാതി മതാതീതമായ തീര്‍ത്ഥാടന കേന്ദ്രമാണ്. വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ മത വിഭാഗങ്ങളില്‍ നിന്നും പിന്തുണയുണ്ടാകും.

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബുവിനെ ജയിലിലടച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം എന്‍ഡിഎ നേതാക്കള്‍ ഏറ്റെടുക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ അഭാവം പരിഹരിക്കാനാണ്  പ്രചാരണം നേതാക്കള്‍ ഏറ്റെടുക്കുന്നത്.  ഇതിന്റെ ഭാഗമായാണ്  നാളെ  പ്രകാശ്ബാബു ഐക്യദാര്‍ഢ്യ യാത്ര ആരംഭിക്കുന്നതെന്ന് എന്‍ഡിഎ ചെയര്‍മാനും ബിജെപി ജില്ലാ അദ്ധ്യക്ഷനുമായ ടി.പി. ജയചന്ദ്രന്‍ പറഞ്ഞു.

ലഭിച്ച മുന്‍കൂര്‍ ജാമ്യം  പോലീസ് ഇടപെട്ട് റദ്ദാക്കുകയും അക്കാര്യം മറച്ചുവെക്കുകയും ചെയ്തുകൊണ്ടാണ് പ്രകാശ്ബാബുവിനെ ജയിലിലടച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ചിത്തിര ആട്ട ഉത്സവക്കാലത്ത്  ഉണ്ടായ കേസില്‍ പ്രകാശ് ബാബു തന്നെ അക്രമിച്ചിട്ടില്ലെന്ന് അന്യായക്കാരി തന്നെ വ്യക്തമാക്കിയിട്ടും പോലീസിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ നീങ്ങുകയാണ്.

കെ. സുരേന്ദ്രനെതിരെ നടത്തിയ നീക്കത്തിന്റെ തുടര്‍ച്ചയാണ് പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന പ്രകാശ്ബാബുവിനെതിരെയും സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ശബരിമല സമര ഭടന്മാരെ സര്‍ക്കാര്‍ ഭയക്കുകയാണ്. നീചമായ പ്രതികാര നടപടികളാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ശബരിമല ജാതി മതാതീതമായ തീര്‍ത്ഥാടന കേന്ദ്രമാണ്. വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ മത വിഭാഗങ്ങളില്‍ നിന്നും പിന്തുണയുണ്ടാകും.

സ്ഥാനാര്‍ത്ഥിയില്ലെന്ന കുറവ് പരിഹരിച്ച് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാണ് എന്‍ഡിഎ നേതാക്കള്‍ ഐക്യദാര്‍ഢ്യ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഏഴ് മണ്ഡലങ്ങളില്‍ ആദ്യ ഘട്ട പ്രചാരണം നടക്കും. പ്രകാശ് ബാബുവിന്റെ  മുഴുനീള കട്ടൗട്ട് വഹിച്ചുകൊണ്ടായിരിക്കും യാത്ര.  അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.