കൊച്ചി: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് ഒരാളില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പ്രതിപഷത്ത് നിന്ന് പലപേരുകളാണ് ഉയര്‍ന്നുവരുന്നത്. എല്ലാവരും യോജിച്ച് ഒരാളെ കണ്ടെത്തുന്ന കാര്യം അസാധ്യമാണ്. എന്നാല്‍ എന്‍ഡിഎക്ക് ഒരുപേരു മാത്രമേയുള്ളൂ, അത് മോദിയാണ്. മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണം തുടരേണ്ടത് ബിജെപിയുടെയോ എന്‍ഡിഎയുടെയോ മാത്രം ആവശ്യമല്ല. അത് രാജ്യത്തിന്റെ ആവശ്യമാണ്. മികച്ച നേതൃത്വശേഷിയും വ്യക്തമായ വീക്ഷണവും കാര്യശേഷിയുമുള്ള രാജ്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അംഗീകാരം പിടിച്ചുപറ്റിയിട്ടുള്ള സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് എപ്പോഴും മുന്‍തൂക്കം കൊടുത്ത് പ്രവര്‍ത്തിക്കുന്ന നേതാവായ മോദിയുടെ ഭരണം ഇനിയും തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് സത്യമായ പൊതുജന വികാരമാണ്. ഈ വികാരം സഫലമാക്കുകയാണ് എന്‍ഡിഎയുടെ ഉത്തരവാദിത്വം. രാജ്യതാത്പര്യത്തിന് മുന്‍ഗണന കൊടുക്കുന്ന ഏവരുടെയും ആഗ്രഹം നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുന്നോട്ടു പോകാന്‍ വേറെ വഴിയില്ല. എന്‍ഡിഎ ഭരണം രാജ്യത്ത് തുടരേണ്ടതിന്റെ അനിവാര്യത ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.
ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. വളര്‍ച്ചാനിരക്ക് നോക്കിയാല്‍ ലോകത്ത് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. ശാസ്ത്ര സാങ്കേതിക വിദ്യയടക്കം വിവിധമേഖലകളില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇതിനെല്ലാം വഴിയൊരുക്കിയത് മോദിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: