സോഷ്യല്‍ മീഡിയ നിരീക്ഷിക്കും

Saturday 30 March 2019 4:27 pm IST

കാക്കനാട്: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സോഷ്യല്‍ മീഡയകളിലൂടെ നടത്തുന്ന പ്രചാരണം കമ്മിഷന്‍ നിരീക്ഷിക്കും. സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ചെലവാകുന്ന തുക തെരഞ്ഞെടുപ്പ് കണക്കില്‍ ബോധിപ്പിക്കണമെന്നു കമ്മിഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. 

സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും വിജ്ഞാപനത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ചു വരുന്ന സ്വാധീനം കണക്കിലെടുത്താണ് പെരുമാറ്റ ചട്ടം ബാധകമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി സാധാരണക്കാര്‍ സ്വന്തം അക്കൗണ്ടുകളിലൂടെയും പേജുകളിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ നിയന്ത്രിക്കും. വിക്കിപ്പീഡിയ, ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക്, ആപ്‌സ് എന്നിങ്ങനെ അഞ്ചു വിഭാഗത്തിലാണ് സോഷ്യല്‍ മീഡിയകള്‍ ഉള്ളത്. സോഷ്യല്‍ മീഡിയ സംബന്ധിച്ചു എട്ടു നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. 

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ് മൂലത്തില്‍ സോഷ്യല്‍ മീഡിയയിലെ താങ്കളുടെ അക്കൗണ്ടുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം 90 ദിവസത്തിനകമാണ് പ്രചാരണത്തിന്റെ കണക്ക് നല്‍കേണ്ടത്. സൈറ്റുകളുടെ മേല്‍നോട്ടത്തിനു പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നിയമിക്കുന്ന വ്യക്തികളുടെ ശമ്പളം, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ വിലയും മറ്റു ചെലവുകളും വ്യക്തമാക്കണം. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതു മാധ്യമത്തിലും പരസ്യം നല്‍കാന്‍ കമ്മിഷന്റെ അനുമതി വേണം. 

ഇത്തരം പേജുകളിലുള്ള പോസ്റ്റുകളും കമ്മിഷന്‍ നിരീക്ഷിക്കും. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്നതോ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതോയായ കമന്റുകള്‍ പോസ്റ്റ് ചെയ്താല്‍ പെരുമാറ്റ ചട്ടപ്രകാരം നടപടിയെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.