പുനര്‍ജനിക്കുന്ന പോരാട്ട വീര്യം

Sunday 31 March 2019 3:30 am IST

ചരിത്രത്താളുകള്‍ വിസ്മരിച്ച വീരചരിതം അഭ്രപാളിയില്‍ പുനര്‍ജനിച്ചപ്പോള്‍ അത് ചരിത്രപരമായ വിജയമാവുന്നു. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് സിങ്ങിന്റെ ഹിന്ദി ചിത്രം 'കേസരി' പോരാട്ടവീര്യം തുളുമ്പുന്ന ചരിത്രത്തിന്റെ പുനരാഖ്യാനമാണ്. 

ബ്രിട്ടീഷ് ഇന്ത്യയുടെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹവില്‍ദാറാണ് ഇഷാര്‍ സിങ്. ശരിയത്ത് പ്രകാരം അഫ്ഗാനിലെ അഫ്രിഡി-ഒറക്‌സായി പര്‍വതനിരകളിലെ മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ച  റഷ്യന്‍ യുവതിയുടെ ശിക്ഷ നടപ്പാക്കുകയാണ് ഇന്ത്യ-അഫ്ഗാന്‍ അതിര്‍ത്തിയില്‍.

രംഗത്തിന് സാക്ഷ്യംവഹിക്കേണ്ടി വന്ന ഇഷാര്‍ സിങ് പ്രശ്‌നത്തില്‍ ഇടപെട്ട് പെണ്‍കുട്ടിയെ ധീരമായി രക്ഷിക്കുന്നു. ഇത് മുസ്ലിം വിഭാഗത്തിന്റെ ശത്രുതയിലേക്ക് മാറുന്നു. അതിനൊപ്പം തന്റെ ആജ്ഞ കേള്‍ക്കാതിരുന്ന ഹവില്‍ദാറിനോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ അനിഷ്ടവും. അച്ചടക്കം ലംഘിച്ച ഹവില്‍ദാറിനുള്ള ശിക്ഷയെന്നോണം സാരഗര്‍ഹി സൈനികത്താവളത്തിലേക്ക് സ്ഥലം മാറ്റം. 

സാരഗര്‍ഹി കുത്തഴിഞ്ഞ ഒരു സൈനികത്താവളമാണ്. ആകെയുള്ളത് 20 സൈനികര്‍ മാത്രം. അവിടേക്കെത്തുന്ന ഹവില്‍ദാര്‍ ഇഷാര്‍ അച്ചടക്കത്തിന്റെ പുതിയ പാത തുറക്കുന്നു. സിക്കുകാരായ സൈനികരോട് പൂര്‍വ്വികരുടെ ധീരത മറക്കരുതെന്നും,  ഒരു സിക്കുകാരനു ചേരാത്തവിധം പെരുമാറരുതെന്നും ധരിപ്പിക്കുന്നു. അങ്ങനെ സാരഗര്‍ഹി വീണ്ടും എല്ലാം തികഞ്ഞ ഒരു സൈനികത്താവളത്തിലേക്ക് മാറുകയാണ്. 

ഇതേസമയം മുറിവേറ്റ മുസ്ലിം സമൂഹം ബ്രിട്ടീഷ് ഇന്ത്യക്കെതിരെ ജിഹാദ് പ്രഖ്യാപിക്കുന്നു. അതിനായി അഫ്ഗാന്‍ സുല്‍ത്താന്റെ സഹായവും ലഭിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ മൂന്ന് സൈനികത്താവളങ്ങളാണ് അവരുടെ ലക്ഷ്യം.

ഗുലിസ്ഥാന്‍, ലോക്ഹാര്‍ട്ട്, സാരഗര്‍ഹി. പതിനായിരത്തോളം വരുന്ന ജിഹാദികളുമായി  ആദ്യം പടയെത്തുന്നത് സാരഗര്‍ഹിയിലേക്ക്. ഇരുപത്തിയൊന്ന് സൈനികരും ഒരു പാചകക്കാരനും മാത്രമുള്ള കോട്ടയില്‍നിന്ന് പിന്തിരിഞ്ഞോടാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇന്ത്യന്‍ രക്തത്തിന് തോറ്റോടാന്‍ മനസ്സില്ലായിരുന്നു. പതിനായിരം ജിഹാദികള്‍ക്കെതിരെ 21 സിക്ക് വീരന്മാരുടെ പോരാട്ടം. 48 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍  അയ്യായിരത്തിലധികം ജിഹാദി പോരാളികളെ സിക്ക് വീര്യം കൊന്നുതള്ളി.  

ബ്രിട്ടീഷ് ഇന്ത്യയില്‍ ലോകത്തെ ഞെട്ടിച്ച വീരപുരുഷന്മാരുടെ കഥ, ഭാരതത്തിന്റെ വീര കേസരികളുടെ കഥ. 1897 സെപ്തംബര്‍ 11, 12 ദിനങ്ങളില്‍ ലോകം ആ ഐതിഹാസിക പോരാട്ടത്തിന് സാക്ഷിയായി. 21 പേര്‍ പതിനായിരം പേര്‍ക്കെതിരെ പോരാടി വിജയത്തിനു തുല്യമായ മരണം വരിച്ചു. 

ഇരുപത്തിയൊന്ന് പേര്‍ക്കൊപ്പം താനും പോരാടാമെന്ന പാചകക്കാരന്റെ വാക്കുകള്‍ ഇന്ത്യന്‍ ധീരതയായി  സംവിധായകന്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ നീ പോരാടേണ്ടതില്ല, മരിച്ചുവീഴുന്നവര്‍ക്ക് വെള്ളം നല്‍കിയാല്‍ മതിയെന്ന ഹവില്‍ദാറുടെ നിര്‍ദ്ദേശം ശിരസാവഹിക്കുന്നു. 

പോരാട്ടത്തിന്റെ അന്ത്യത്തില്‍ മരണത്തോട് മല്ലടിക്കുന്ന ജിഹാദി സൈനികര്‍ക്ക് വെള്ളം നല്‍കുന്ന  പാചകക്കാരന്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമാകുമ്പോള്‍, അവന്റെ ശിരസ്സ് നിഷ്‌ക്കരുണം വെട്ടിമാറ്റുന്ന സുല്‍ത്താന്‍ ജിഹാദിന്റെ ക്രൂരതയെ വിളിച്ചോതുന്നു.

ഈ പരാജയത്തിന് പിന്നില്‍ ഒരു ബ്രിട്ടീഷ് വഞ്ചനയുണ്ടെന്ന് ചിത്രം പറയുന്നു. 48 മണിക്കൂര്‍ സമയം ലഭിച്ചിട്ടും  ഇഷാര്‍ സിങ്ങിനോടുള്ള ശത്രുതമൂലം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൈന്യത്തെ അവിടേക്കയച്ചില്ല. തിരകള്‍പോലും ലഭ്യമാക്കിയില്ലത്രേ. പോരാട്ടവീര്യം ബ്രിട്ടീഷ് പട്ടാളത്തിന്റേതെങ്കിലും പോരാടിയവര്‍ എല്ലാം ഇന്ത്യന്‍ സൈനികരായതിനാല്‍  ഈ വീരചരിത്രത്തെ ബ്രിട്ടന്‍ തമസ്‌കരിച്ചു. 

പഞ്ചാബിയിലും ഹിന്ദിയിലുമായി ഇതിന് മുന്‍പ് ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ അനുരാഗ് സിങ്ങിന്റെ മറ്റൊരു ദൃശ്യകാവ്യമാണ് കേസരി.  ചാരംമൂടിയ ചരിത്രസത്യം അഭ്രപാളിയില്‍ പുനര്‍ജനിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ അത് മറ്റൊരു ചരിത്രമാവുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.