ടോറന്റോ: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവെച്ച ചൗക്കീദാര്‍ തരംഗത്തെ പിന്തുണച്ച് കാനഡ ഇന്ത്യ ഗ്ലോബല്‍ ഫോറം ടൊറന്റോയുടെ ആഭിമുഖ്യത്തില്‍ ‘ഹം ഭി ചൗക്കിദാര്‍’ എന്ന പരിപാടി സംഘടിപ്പിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി മിസ്സിസ്സാഗയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ബിജെപി ഘടകവും സംബന്ധിച്ചു. പ്രവാസികള്‍ക്കായി മോദി സര്‍ക്കാരും, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചെയ്ത സേവനങ്ങള്‍, ഇന്ത്യന്‍ വംശജരായ കാനഡക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിസ ഓണ്‍ സംവിധാനം എന്നിവ ചര്‍ച്ചയില്‍ ഏറെ പ്രശംസനേടി.
ഏപ്രില്‍ രണ്ടാം വാരം വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ക്യാംപെയിന് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവാസികളുടെ പൗരത്വം അടക്കമുള്ള വിഷയള്‍ ചൂണ്ടിക്കാട്ടി എന്‍ഡിഎ സര്‍ക്കാരിന് നല്കിയ മെമ്മോറാണ്ടം നടപ്പിലാക്കുന്നതിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇന്ത്യയില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുവാന്‍ തീരുമാനിച്ച യോഗം എന്‍ഡിഎക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കാനഡയില്‍ പാക് സംഘടനകള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനം നല്കുന്ന സാമ്പത്തിക സഹായം, ഇന്ത്യക്കുനേരെയുള്ള വിദേശശക്തികളുടെ ആക്രമണം എന്നിവയും പരിപാടിയില്‍ ഉയര്‍ന്നുവന്നു. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ ഇന്ത്യന്‍ പൗരനും ഇന്ത്യയുടെ ‘ചൗക്കിദാര്‍’ (കാവല്ക്കാരന്) ആണെന്നും യോഗം ഐക്യകണ്ഡേന ‘ഹം ഭീ ചൗക്കിദാര്‍’ എന്ന മുദ്രാവാക്യം മുഴക്കി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: