അടിച്ചതിന് തിരിച്ചടി ഭയന്ന് ബാലഗോപാല്‍

Sunday 31 March 2019 6:10 am IST

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയതയും വോട്ട് കച്ചവടവും വിനയാകുന്ന ജില്ലാ ഇടതുക്യാമ്പിന് ഇത്തവണയും ആത്മവിശ്വാസക്കുറവ്. എം.എ. ബേബിയെ ഭംഗിയായി കാലുവാരിയ അതേനീക്കം കെ.എന്‍. ബാലഗോപാലിനു നേരെയും ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായ എം.എ. ബേബിയെ തറപറ്റിക്കാന്‍ നടത്തിയ ആസൂത്രിത നീക്കങ്ങള്‍ക്ക് പിന്നില്‍ ഒത്താശയുമായി കെ.എന്‍. ബാലഗോപാലും ഉണ്ടായിരുന്നതായാണ് പാര്‍ട്ടിക്കുള്ളിലെ ആരോപണം. 

കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ പി.കെ. ഗുരുദാസനെ വെട്ടി പാര്‍ട്ടി അംഗംപോലുമല്ലാതിരുന്ന മുകേഷിനെ പ്രതിഷ്ഠിച്ചതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഒരു വിഭാഗത്തിന് തുടക്കം മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. അന്ന് ബേബിയെ കാലുവാരിയതില്‍ ആസൂത്രകനെന്ന് സംശയിക്കുന്ന ബാലഗോപാല്‍ ഇക്കുറി അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തിരിച്ചടി ഭയക്കുന്നുണ്ട്.

പിബി അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി നാടുകടത്താനും പാര്‍ലമെന്ററിരാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാനും പാര്‍ട്ടിയിലെ ഒറ്റുകാര്‍ക്ക് കഴിഞ്ഞു. സ്വന്തം തട്ടകമായ കുണ്ടറയില്‍ പോലും ബേബിക്ക് കാലിടറി. 

സ്ഥാനാര്‍ഥി നിര്‍ണയവും പ്രചരണവും നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും ഇടതുക്യാമ്പില്‍ ഇപ്പോഴും മൗനം തുടരുകയാണ്. 2014-ല്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട ആര്‍എസ്പി, എന്‍.കെ. പ്രേമചന്ദ്രനിലൂടെ സിപിഎമ്മിനോട് പകരം ചോദിച്ചിട്ടും പ്രതികാരം ചെയ്യാന്‍ സിപിഎമ്മിന് കഴിയാതെ പോയതിനു പിന്നില്‍ പ്രദേശത്തെ വിഭാഗീയതയാണ്.  

2010 മുതല്‍ രാജ്യസഭാംഗമായിരുന്ന കെ.എന്‍. ബാലഗോപാല്‍ 2016-ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായി. അന്നുമുതല്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട് സജീവമായിരുന്നു. വിഭാഗീയതയുടെ ജീര്‍ണത ബാധിച്ച ഒട്ടേറെ സഖാക്കളുള്ള പാര്‍ട്ടിയാണ് കൊല്ലത്തേതെന്ന് സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ടു തന്നെ വിലയിരുത്തിയിരുന്നു. സംഘടനാരംഗത്ത് ഒട്ടേറെ പോരായ്മകള്‍ നിലനില്‍ക്കുന്നതായും വിഭാഗീയത ചിലയിടങ്ങളില്‍ സംഘടനയെ പ്രതികൂലമായി ബാധിക്കുന്നതായും പാര്‍ട്ടി തന്നെ തുറന്നുസമ്മതിക്കുന്നു. 

രാഷ്ട്രീയ സ്വാധീനം വളര്‍ത്തുന്നതിലും സംഘടനാശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വലിയ പരാജയമാണ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. കൊല്ലം ഈസ്റ്റിലെ മങ്ങാട് ലോക്കല്‍ സമ്മേളനത്തിലുണ്ടായ വിഭാഗീയ മത്സരവും ചാത്തന്നൂരില്‍ വേളമാനൂര്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പില്‍ അഞ്ചല്‍, പനയം, തൃക്കടവൂര്‍ എന്നിവിടങ്ങളില്‍ പരിതാപകരമായിരുന്നു ഇടതിന്റെ പ്രകടനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.