വിഎസ്സിനെ വടകരയില്‍ എത്തിക്കാന്‍ നീക്കം

Sunday 31 March 2019 8:45 am IST

തിരുവനന്തപുരം:  ഒഞ്ചിയം അടങ്ങുന്ന വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ്. അച്യുതാനന്ദന്‍ എത്തുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. സിപിഎമ്മുകാര്‍ വധിച്ച ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം വിഎസ് പോയത് പ്രതിരോധത്തിലാക്കിയിരുന്നു. 

കൊലപാതക രാഷ്ട്രീയം അരങ്ങേറിയ കാസര്‍കോടും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ ആരോപിതനായ പി. ജയരാജന്‍ മത്സരിക്കുന്ന വടകരയിലും പ്രചാരണത്തിന് വിഎസ് എത്തില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ സിപിഎം അഭിമാനപ്രശ്‌നമായി കാണുന്ന വടകര മണ്ഡലം നഷ്ടപ്പെടുന്നതിനെ കുറിച്ച് പാര്‍ട്ടിക്ക് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. വിഎസ്സിനെ വടകരയില്‍ എത്തിച്ച് ആര്‍എംപി പ്രവര്‍ത്തകരെ മാനസികമായി തകര്‍ക്കുക എന്നതാകും സിപിഎം ലക്ഷ്യമിടുക. അതുകൊണ്ടു തന്നെ ഏതു വിധേനയും വടകരയില്‍ വിഎസ്സിനെ എത്തിച്ച് വോട്ട് ചോദിപ്പിക്കാന്‍ പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കും.

വിഎസിന്റെ ആദ്യഘട്ട ഷെഡ്യൂളില്‍ വടകര ഉള്‍പ്പെട്ടിട്ടില്ല. മലപ്പുറത്തും കോഴിക്കോട്ടുമാണ് പരിപാടിയുള്ളത്. നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, ആലത്തൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ 20 ദിവസങ്ങളിലായാണ് വിഎസിന്റെ പരിപാടി നിശ്ചയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് പ്രചാരണ പരിപാടികളില്‍ മാറ്റമുണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ഒഞ്ചിയത്ത് വിഎസ്സിനെ എത്തിച്ചാല്‍ ടിപി വധം വീണ്ടും ചര്‍ച്ചയാകുമെന്നും ഇത് പാര്‍ട്ടിക്കു ഗുണമാകില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വിഎസ്സിനെ കൊണ്ടു വന്ന് ടിപിയുടെ ഭാര്യ രമ ഉള്‍പ്പടെയുള്ള ആര്‍എംപി പ്രവര്‍ത്തകരെ ചൊടിപ്പിക്കാന്‍ തന്നെയാണ് സിപിഎം ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.