രാഹുല്‍ വയനാട്ടില്‍ അഭയം തേടി

Sunday 31 March 2019 11:17 am IST

ന്യൂദല്‍ഹി: അമേത്തിയില്‍ പരാജയമുറപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ അഭയം പ്രാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു കൂടി മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചു. ഇത്രയും നാള്‍ എഴുന്നള്ളിച്ചു കൊണ്ടു നടന്നിട്ട് നേരിട്ടു മത്സരിക്കാന്‍ രാഹുല്‍ വരുമ്പോള്‍ ഒത്തുകളിയുടേയും മാനക്കേടിന്റെയും ഇടയില്‍ പൊതുസമൂഹത്തിനു മുന്നില്‍ തുണിയുരിഞ്ഞ അവസ്ഥയില്‍ ഇടതുപക്ഷം. 

തമിഴ്‌നാട്ടിലടക്കം കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തില്‍ പങ്കാളിയായ സിപിഎമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ എന്തു പറയണം എന്നറിയാതെ പിച്ചുംപേയും പുലമ്പുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി മായാവതിയുടെ നേതൃത്വത്തില്‍ ദേശീയ ബദലിനു ശ്രമിക്കുന്നു തുടങ്ങിയ മുഖം രക്ഷിക്കല്‍ നാടകങ്ങള്‍ തുടങ്ങിയിട്ടുണ്ട് സിപിഎം നേതൃത്വം. 

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് കടുത്ത പോരാട്ടം നേരിടുന്ന രാഹുലിനെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കുറച്ചു ദിവസമായി കോണ്‍ഗ്രസ് കഷ്ടപ്പെടുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സീറ്റില്‍ നിര്‍ത്തിയില്ലെങ്കില്‍ പരാജയമാവും ഫലം എന്നുറപ്പിച്ച പാര്‍ട്ടി കര്‍ണാടക ലക്ഷ്യമിട്ടു. അവിടെ നിന്ന് പ്രവര്‍ത്തകര്‍ വിളിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ണാടകയില്‍ സീറ്റുകള്‍ ഒന്നും ഒഴിച്ചിട്ടിരുന്നില്ല. കന്നഡമണ്ണും രാഹുലിനു സുരക്ഷിതമല്ലെന്നാണ് അവിടെ നിന്ന് എഐസിസിക്കു കിട്ടിയ റിപ്പോര്‍ട്ട്.

അതുകൂടി കണക്കിലെടുത്താണ് ഇന്നലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പാര്‍ട്ടി വക്താവ് സുര്‍ജേവാല, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് ആന്റണി മാധ്യമങ്ങളെ കണ്ടത്. ആന്റണിയും വേണുഗോപാലും ദീര്‍ഘ നേരം ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തു നിന്നു തുടര്‍ച്ചയായി ആവശ്യം ഉയര്‍ന്നു. പല ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വം അംഗീകരിക്കുന്നു, ആന്റണി പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വലിയ സ്വാധീനമുണ്ടാക്കുമെന്നും ആന്റണി അവകാശപ്പെട്ടു. വടകരയില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശ്വസ്തനായ ടി. സിദ്ദിഖിനു വേണ്ടി വഴക്കിട്ടു നേടിയ വയനാട്ടില്‍ രാഹുല്‍ മത്സിരിക്കുമെന്ന് വന്നതോടെ കേരളത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. രാഹുലിനായി പിന്മാറുന്നു എന്നു പറഞ്ഞ് സിദ്ദിഖ് കളംവിട്ടു. ഗ്രൂപ്പു പോരില്‍ ജയിക്കാന്‍ ഒരുപക്ഷം ദേശീയ പ്രസിഡന്റിനെത്തന്നെ ആയുധമാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി പട്ടികകള്‍ തുടര്‍ച്ചയായി ഇറങ്ങിയതിലൊന്നും വയനാടും വടകരയും ഉള്‍പ്പെടാതിരുന്നത് അസ്വസ്ഥത സൃഷ്ടിച്ചു. സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിനെതിരെ  മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതൃപ്തി തുറന്ന് അറിയിച്ചു.

2009ല്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസ് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച വയനാട്ടില്‍ 2014ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരമായി കുറഞ്ഞു. സിപിഐക്ക് അവകാശപ്പെട്ട വയനാട്ടില്‍ ഇത്തവണ പി.പി. സുനീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.