അധ്യാപക നിയമനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം

Monday 1 April 2019 6:42 am IST

ഇടുക്കി: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സ്ഥിരപ്പെടുത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ നീക്കം. ഇക്കാര്യത്തില്‍ ഇച്ഛാശക്തിയുള്ള തീരുമാനമെടുക്കാതെ ഗുരുതര വീഴ്ച വരുത്തിയത് ഇടത് സര്‍ക്കാരാണെന്നിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇതെല്ലാം നിസ്സാരവത്കരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 

വലിയ തുക നല്‍കി ജോലി വാങ്ങിയിട്ടും വര്‍ഷങ്ങളായി ശമ്പളം ലഭിക്കാതിരുന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഇത് ഗുണം ചെയ്യുമെങ്കിലും നിയമം വളച്ചൊടിക്കുകയാണെന്ന ആക്ഷേപം ശക്തം. കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ഡിവിഷന്‍ ഇല്ലാതായി ജോലി നഷ്ടപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിയായിരുന്നു അധ്യാപക ബാങ്ക് മുന്‍ സര്‍ക്കാര്‍ ആരംഭിച്ചത്്. ബാങ്കിലെ ചില അധ്യാപകരെ ഇത്തരത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലടക്കം നിയമിച്ചു.

1979 മേയ് മാസത്തിന് ശേഷം നിലവില്‍ വന്ന സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്താന്‍ 1:1 എന്ന അനുപാതം പാലിക്കണമെന്ന ഉത്തരവ് വരുന്നത് ഇടത് സര്‍ക്കാര്‍ എത്തിയതോടെയാണ്. അതും 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ. പിഎസ്‌സി വഴി സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമനം നടക്കാതെ വന്നതോടെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ ഉറപ്പുവരുത്താനായിരുന്നു ഈ നീക്കം. ആദ്യ ഒഴിവ് സംരക്ഷിത അധ്യാപകനും പിന്നീടത്തേത് മാനേജര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരവും നിയമിക്കാം. 

സംരക്ഷിത അധ്യാപകനെ നിയമിക്കുന്ന ദിവസം മുതല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കുകയുള്ളൂവെന്നായിരുന്നു നിയമം. ഇതിന് കോട്ടയം, മലപ്പുറം ജില്ലകളില്‍ ചില മാനേജ്‌മെന്റുകള്‍ തയാറായെങ്കിലും ഒരു വിഭാഗം മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കോടതി സര്‍ക്കാര്‍ വാദം ശരിവച്ചു. ഇത് ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ സമയത്താണ് പ്രമുഖ സ്‌കൂള്‍ മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കാനായി പുതുക്കിയ ഉത്തരവ് വരുന്നത്.  

ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ മുമ്പ് ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത അധ്യാപകനെ നിയമിച്ചാലും അത് സംരക്ഷിത അധ്യാപക നിയമനമായി കണക്കാക്കും. ഇതിന് ശേഷം ഒഴിവ് വരുന്ന എല്ലാ തസ്തികകളിലേക്കും നിയമനം നടത്താനുള്ള അവകാശം മാനേജ്മെന്റിന് വിട്ടുകൊടുത്തു. ഇതിലൂടെ കോടികളാണ് കോഴയായി മാനേജ്മെന്റിന് ലഭിക്കുക. സംരക്ഷിത അധ്യാപകനായി ഒരു തസ്തിക ഒഴിച്ചിടുകയോ അല്ലെങ്കില്‍ ജൂണ്‍ ഒന്നിനകം നിയമനം നല്‍കാമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്താലോ ഇതുവരെ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും അംഗീകരിക്കാനാണ് ഉത്തരവില്‍ പറയുന്നത്. 

സര്‍ക്കാരിന്റെ പിടിപ്പുകേട്

വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥയ്ക്ക് കാരണം ഇടത് സര്‍ക്കാരിന്റെ പിടിപ്പു കേടാണെന്ന് എബിആര്‍എസ്എം ദേശീയ സെക്രട്ടറി പി.എസ്. ഗോപകുമാര്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിദ്യാഭ്യാസ സംരക്ഷണയജ്ഞം കൊണ്ടുനടന്നത് ആയിരക്കണക്കിന് പ്രതിഫലമില്ലാത്ത അധ്യാപകരായിരുന്നു എന്നത് കാണുമ്പോഴാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ വ്യക്തമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.