നിയന്ത്രിക്കാനാകാതെ കാട്ടുതീ

Tuesday 2 April 2019 6:37 am IST

മറയൂര്‍: അഞ്ചുനാട്ടില്‍ കാട്ടുതീപടര്‍ന്ന് 1300 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു, കോടികളുടെ നഷ്ടം. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ തീ നിയന്ത്രിച്ചെങ്കിലും വട്ടവട, ജെണ്ടമല, പഴത്തോട്ടം, ഊര്‍ക്കാട് മേഖലയിലെ തീ നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

മറയൂര്‍ ചന്ദനക്കാടുകളുടെ പരിസരത്തും പാമ്പാടുംചോല, മന്നവന്‍ചോല, ആനമടി ചോല നാഷണല്‍ പാര്‍ക്കുകളുടെ പരിസര മലനിരകളിലാണ് കാട്ടുതീ വ്യാപകമായത്. ഈ ചോലവനങ്ങളിലേക്ക് തീ പടര്‍ന്നാല്‍ അന്യംനിന്നുപോകുന്ന നിരവധി വന്യജീവികളുടെയും സസ്യസമ്പത്തുകളുടെയും ആവാസവ്യവസ്ഥ ഇല്ലാതാകും. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈവശഭൂമിയും പട്ടയഭൂമിയും തീയില്‍പ്പെട്ട് ഭാഗികമായി നശിച്ചു. മറയൂര്‍ പഞ്ചായത്തിലെ കര്‍പ്പൂരക്കുടി, കമ്മാളംകുടി, കരിമൂട്ടി, പുറവയല്‍, കോരക്കടവ്, മുരുകന്‍മല, ചിന്നാറിലെ കത്തിതിട്ടാം മല എന്നിവിടങ്ങളിലും കാട്ടുതീ പടര്‍ന്നു. 500 ഹെക്ടറിലധികം വനഭൂമിയിലെ മരങ്ങളും പുല്‍മേടുകളും കത്തിനശിച്ചു. വന്‍ കൃഷിനാശവും ഉണ്ടായി.

കാന്തല്ലൂരില്‍ ഒള്ളവയല്‍, പെരടിപള്ളം, വെട്ടുക്കാട്, തീര്‍ത്ഥമല, ചാനല്‍മേട് എന്നിവിടങ്ങളിലും കനത്ത നാശമാണുണ്ടായത്. ഇവിടെയും 600 ഹെക്ടര്‍ സ്ഥലത്തെ വനഭൂമി കത്തി നശിച്ചു. മൂന്നാറില്‍ പാമ്പന്‍മല, ചട്ടമൂന്നാര്‍, തലയാര്‍ മലനിരകളിലും ഗ്രാന്റീസ് തോട്ടങ്ങളിലും തീ പടര്‍ന്നു. ഇവിടെ 200ലധികം ഹെക്ടറിലെ വനഭൂമി കത്തിനശിച്ചു. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ആവശ്യത്തിന് തുക ഈ മേഖലയില്‍ വനം വകുപ്പ് അധികൃതര്‍ക്ക്  അനുവദിച്ചില്ലെന്നതാണ് പ്രധാന കാരണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തുക മാത്രമാണ് ഈ വര്‍ഷം ലഭിച്ചതെന്ന് വനം വകുപ്പ് പറയുന്നു. 

തീ നിയന്ത്രണവിധേയമാക്കാന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാ വിഭാഗങ്ങളുള്‍പ്പെടെയുള്ള അറുനൂറോളം പേരടങ്ങുന്ന സംഘം കഠിനശ്രമം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.