ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു

Tuesday 2 April 2019 11:16 am IST

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്‌സഭാ നിയോജക മണ്ഡലം എൻ‌ഡി‌എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 10.30ന് വരണാധികാരിയായ കളക്ടർ വാസുകിക്ക് മുന്നിലാണ് ശോഭ പത്രിക സമർപ്പിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള, എസ് എന്‍ ഡി പി യോഗം പ്രതിനിധി കെ എ ബാഹുലേയന്‍, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സോമ ശേഖരന്‍, മലയിന്‍ കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു. രാവിലെ 8.30ന് പോത്തൻ‌കോട് പുലത്ത ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ശോഭാ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പണത്തിനായി പുറപ്പെട്ടത്.

കുടപ്പനക്കുന്ന് ജംഗ്ഷനിൽ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് വരവേൽപ്പ് നൽകി. തുടർന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പം കാല്‍ നടയായി ആണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്. ആറ്റിങ്ങലില്‍ പൂര്‍ണമായ വിജയ പ്രതീക്ഷയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു. ആറ്റിങ്ങലിലെ വികസന മുരടിപ്പും ശബരിമല വിഷയവും ഉള്‍പ്പടെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്കമാക്കി.

ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തും, യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.