ഡിഎംകെ പ്രവര്‍ത്തകന്റെ ഗോഡൗണില്‍ നിന്നും 11.53 കോടി പിടിച്ചു

Tuesday 2 April 2019 2:22 pm IST

ചെന്നൈ : തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ ഡിഎംകെ നേതാവിന്റെ ഗോഡൗണില്‍ നിന്നും 11.53 കോടി പിടിച്ചെടുത്തു. ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്. 

ഡിഎംകെ പാര്‍ട്ടി ട്രഷറര്‍ ദുരൈ മുരുഗന്റെ അടുത്ത അനുയായിയാണ് പൂഞ്ചോലൈ ശ്രീനിവാസന്‍. ദുരൈ മുരുഗന്റെ മകന്‍ കതിര്‍ ആനന്ദ് വെല്ലൂരില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

കണ്ടെടുത്തതില്‍ കൂടുതലും നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളാണ് കണ്ടെടുത്തത്. കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിനായി സൂക്ഷിച്ച പണമാണ് ഇതെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടിലുടനീളം ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വരികയായിരുന്നു. ദുരൈ മുരുഗന്റെ പിഎ അസ്‌കര്‍ അലി, ഡിഎംകെ പ്രവര്‍ത്തകന്‍ പെരുമാള്‍ എന്നിവരുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

കതിര്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജിലും തെരച്ചില്‍ നടത്തിയിരുന്നു. അതിനിടെ റെയ്ഡ് എത്രയും വേഗം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ആനന്ദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.