ഇത്തവണയും മോദി തരംഗം തന്നെ : അമിത് ഷാ

Tuesday 2 April 2019 2:36 pm IST

ന്യൂദല്‍ഹി: ഈ തെരഞ്ഞെടുപ്പിലും മോദി തരംഗം ആവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. 

ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ് 2014ല്‍ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സര്‍ക്കാരിന് സാധിച്ചു. ചില കാര്യങ്ങളില്‍ അതില്‍ക്കവിഞ്ഞും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് അമിത്ഷാ അറിയിച്ചു. 

ഇതിന്റെ തുടര്‍ച്ചയായി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 2014ല്‍ സംഭവിച്ചതുപോലെ ഇത്തവണയും മോദി തരംഗം രാജ്യത്ത് ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇനി അഞ്ച് വര്‍ഷം കൂടി കാത്തിരിക്കണം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പ്രസ്താവിച്ചു. 

ഏതൊരു പാര്‍ട്ടിയുടെയും ശക്തി അനുയായികളാണ്, ബിജെപിയുടെ പ്രവര്‍ത്തകര്‍ ഒരിക്കലും ഒരു തെരഞ്ഞെടുപ്പിനേയും നിസ്സാരമായി കാണാറില്ല. നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വമാണ് മറ്റ് ലോക രാഷ്ട്രങ്ങളെ ഇന്ത്യയിലേയ്ക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം വര്‍ധിച്ചിട്ടുണ്ട്.   

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത് വളരെയേറെ പ്രതീക്ഷകളോടെയാണ്. എന്‍ഡിഎ സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. 

ഇത്തവണ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍പോലും വിജയിക്കില്ല എന്നും 2014ല്‍ നേടിയതിലും കൂടുതല്‍ സീറ്റുകള്‍ നേടി നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.