തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Wednesday 3 April 2019 12:06 pm IST
കല്‍പ്പറ്റ എല്‍.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആര്‍പ്പുവിളിയുമായി പ്രവര്‍ത്തകര്‍ തുഷാറിനെ ജില്ലാ കള‌ക്‌ടറേറ്റിലേക്ക് അനുഗമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ള മുതിര്‍ന്ന നേതാക്കളും തുഷാറിനൊപ്പമുണ്ടായിരുന്നു.

കല്‍പ്പറ്റ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എന്‍.ഡി.എ സംസ്ഥാന നേതാക്കള്‍ക്കൊപ്പം കല്‍പ്പറ്റ എല്‍.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആര്‍പ്പുവിളിയുമായി പ്രവര്‍ത്തകര്‍ തുഷാറിനെ ജില്ലാ കള‌ക്‌ടറേറ്റിലേക്ക് അനുഗമിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കമുള്ള മുതിര്‍ന്ന നേതാക്കളും തുഷാറിനൊപ്പമുണ്ടായിരുന്നു. 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെയാണ് പത്രിക സമര്‍പ്പിക്കുന്നത്.  വയനാട്ടില്‍ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേതിയില്‍ നിന്ന് ജനങ്ങള്‍ രാഹുലിനെ നിഷ്‌കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ട് രാഹുല്‍ ഇവിടെയെത്തുന്നത്. അമേതിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്. ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വയനാട്ടിലെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. 

രാത്രിയാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കര്‍ഷക- ആദിവാസി- ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പലതും ആസ്‌പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ നടപ്പാക്കാനാകുമെന്നും നിറഞ്ഞ കരഘോഷത്തിനിടെ തുഷാര്‍ പറഞ്ഞു. 

രാഹുല്‍ ഗാന്ധി ഇന്ന് രാത്രി എട്ട് മണിക്ക് കോഴിക്കോട്ട് എത്തും. നാളെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുക. തുടര്‍ന്ന് ഒരുമണിയോടെ ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവും. രാഹുല്‍ ഗാന്ധിയോടൊപ്പം കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ഡി.കെ ശിവകുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും ഉണ്ടാവുമെന്നാണ് അറിയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.