ഭാര്യയ്ക്ക് സീറ്റില്ല;സിദ്ധു പ്രചാരണത്തില്‍ പങ്കെടുത്തില്ല

Wednesday 3 April 2019 3:29 pm IST

അമൃത്സര്‍ : ഭാര്യയ്ക്ക് കോണ്‍ഗ്രസ് ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നു. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗറിന് ഛണ്ഡീഗഢില്‍ മത്സരിക്കുന്നതിനുള്ള കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്നാണ് പ്രതീക്ഷിച്ചത്. 

എന്നാല്‍ മുതിര്‍ന്ന നേതാവ് പവന്‍ കുമാര്‍ ബന്‍സാലിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് കൗറിനെ അമൃത്സറിലെങ്കിലും പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയില്‍ സിറ്റിങ് എംപി ഗുര്‍ജിത് സിങ് ഔജ്ലയ്ക്കാണ് അവിടെ നറുക്ക് വീണത്. ഇതില്‍ പ്രതിഷേധിച്ചാണ് സിദ്ധു പ്രചാരണത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. 20 ദിവസത്തോളമായി കോണ്‍ഗ്രസ് മുഖ്യധാര പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് അദ്ദേഹം. 

അതേസമയം അടുത്തിടെ മോഗയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സിദ്ധുവിന് ക്ഷണം ലഭിച്ചില്ലെന്നതും ഛണ്ഡീഗഢിലെ പ്രചാരകരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്താത്തതിലും അദ്ദേഹം നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രചാരകരുടെ പട്ടികയില്‍  സിദ്ധുവിന്റെ പേര് നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.