മമത, ബംഗാളിന്റെ വഴിമുടക്കി: പ്രധാനമന്ത്രി

Wednesday 3 April 2019 4:26 pm IST

സിലിഗുഡി: ബംഗാളിന്റെ വികസന പാതയിലെ വഴിമുടക്കിയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിനായി മമത വഴിമാറിക്കൊടുക്കണമെന്നും മോദി ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. 

പാവപ്പെട്ടവര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഇടംകോലിടാനാണ് മമത ശ്രമിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതില്‍ നിന്നുപോലും ബംഗാള്‍ ജനതയെ അവര്‍ വിലക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് അവര്‍ ഭരണത്തില്‍ നിന്നിറങ്ങുന്നത് വരെ കാത്തിരിക്കുകയാണ്, മോദി പറഞ്ഞു. കോണ്‍ഗ്രസ് പ്രകടനപത്രികയെയും മോദി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

പ്രത്യേക സൈനികാധികാരനിയമം ഭേദഗതി ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് കവചമായി വര്‍ത്തിക്കുന്ന നിയമത്തെ ഭേദഗതിയോടെ കൈകാലുകള്‍ ബന്ധിച്ച് നിസ്സഹായാവസ്ഥയില്‍ കൊണ്ടെത്തിക്കുകയാകും കോണ്‍ഗ്രസ് ചെയ്യുക. ബംഗാളില്‍ നിന്നും ഡാര്‍ജിലിങ്ങില്‍ നിന്നുമൊക്കെയുള്ള നിരവധി പേര്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നു. അവര്‍ക്കെല്ലാം കവചമാണ് ഈ നിയമം. എന്നാല്‍ ഇവരില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് ഇത്തരം വാഗ്ദാനങ്ങള്‍ മുന്നോട്ടവയ്ക്കാന്‍ ധൈര്യപ്പെടുന്നത്. പാക്കിസ്ഥാനോടു കോണ്‍ഗ്രസിന് മമതയാണ്. ഭീകരര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ കണക്കെയാണ് താന്‍ ഇന്ന് നിലകൊള്ളുന്നത്. സൈനികരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെ ഒരുമിച്ച് ചെറുക്കണം. നിങ്ങളുടെ വോട്ട് ബിജെപിയെ ജയിപ്പിക്കാനോ മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനോ മാത്രം വേണ്ടിയല്ല. സൈനികരുടെ അഭിമാനം സംരക്ഷിക്കാന്‍ കൂടിയാണ്.

റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരത്തിലുണ്ടായിരുന്നപ്പോള്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ ആവര്‍ ഒരുക്കമായിരുന്നില്ല. അത് നിരവധി ഭീകരാക്രമണങ്ങള്‍ക്ക് വഴിവച്ചു. അതിനാല്‍ ഭീകരരുടെ ആവശ്യവും കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ്, മോദി പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ തിങ്ങിയ സദസ്സിനോട് ബലാക്കോട്ടില്‍ ഭീകരരെ വധിച്ചപ്പോള്‍ സന്തോഷമായില്ലേ എന്ന് മോദി ചോദിച്ചപ്പോള്‍ സന്തോഷമായി എന്നായിരുന്നു അവരുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.