ശബരിമലയ്ക്കുവേണ്ടി ഏതു ജയിലറയും സന്തോഷത്തോടെ സ്വീകരിക്കും: സുരേന്ദ്രന്‍

Thursday 4 April 2019 2:02 am IST

പത്തനംതിട്ട: അസാധാരണമായ രാഷ്ട്രീയ പകപോക്കലിനാണ് പിണറായി വിജയന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍.

 ഒരു ജനാധിപത്യസര്‍ക്കാരും കൈക്കൊള്ളാത്ത പ്രതികാര നടപടിയാണിതെന്ന് പത്തനംതിട്ടയില്‍ എന്‍ഡിഎ സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്തു സംസാരിക്കവെ സുരേന്ദ്രന്‍ പറഞ്ഞു. നീതിന്യായവ്യവസ്ഥയെ പിണറായി വിജയന്‍ അട്ടിമറിക്കുകയാണ്. തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്നവരെ ഉന്മൂലനംചെയ്യുക എന്ന നിലപാടാണ് ഫാസിസിറ്റ് മുഖ്യന്‍ പിണറായി നടത്തുന്നത.് നാട്ടില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരിക്കുന്നു. പിണറായി വിജയനും ഓഫീസും ചേര്‍ന്നുകൊണ്ടുള്ള കള്ളക്കേസ് ചമയ്ക്കല്‍ ആസൂത്രിതമാണ്. 

 നാമനിര്‍ദേശപത്രികയില്‍ അറിയുന്നത് മാത്രമേ കൊടുക്കേണ്ടതുള്ളൂ. എനിക്ക് പത്രത്തില്‍ വന്നതേ അറിയൂ. രണ്ടുസെറ്റ് പത്രിക നല്‍കിയിട്ടുണ്ട് ഇനി വേറെ പത്രിക നല്‍കേണ്ടതില്ല. നോമിനേഷനില്‍ ഒരപാകവുമില്ല. വേറെ ഒരു സമന്‍സും കിട്ടിയിട്ടില്ല. ദൂതന്മാരാരും വന്നതുമില്ല. ഇതാണ് വാസ്തവം. എന്നിട്ടും നിര്‍ലജ്ജം ഹൈക്കോടതിയില്‍ കേസുവിവരം അറിയിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്, സുരേന്ദ്രന്‍ പറഞ്ഞു.

ഇത് കള്ളക്കേസാണ് എന്നുമാത്രമല്ല തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്. അടിയന്തരാവസ്ഥയടക്കം നിരവധി പീഡനങ്ങളും കേസുകളും അതിജീവിച്ച പാര്‍ട്ടിയാണ്ബിജെപി. പിണറായിയുടെ ഭീഷണിയൊന്നും വിലപ്പോവില്ല. കേസുകള്‍ നിയമപരമായി നേരിടും. ഇതെല്ലാം ഞങ്ങള്‍ ഭംഗിയായി ജനങ്ങളോടു വിശദീകരിക്കും. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കുവാന്‍ പിണറായി വിജയന്‍ വഴികാണിച്ചുതരികയാണ്. ശബരിമലയ്ക്കുവേണ്ടി എതു കള്ളക്കേസ്സും, ഏതു ജയിലറയും ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. കേരളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വൃത്തികെട്ട രാഷ്ട്രീയ കളിയാണ് പിണറായി കളിക്കുന്നത്. മുഖ്യന് ഇത്തരം ബുദ്ധി ഉപദേശിച്ചുകൊടുക്കുന്നവര്‍ക്ക് മെയ് 23ന് എല്ലാം ബോധ്യപ്പെടും, സുരേന്ദ്രന്‍ പറഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.