കെ. സുരേന്ദ്രനെ കുടുക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി

Thursday 4 April 2019 2:11 am IST

കൊച്ചി: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പടയോട്ടത്തില്‍ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. സുരേന്ദ്രനെ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താക്കാന്‍ പിണറായി സര്‍ക്കാരിന്റെ കള്ളക്കളി. ശബരിമല വിഷയത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം സുരേന്ദ്രനെതിരെ പോലീസിനെക്കൊണ്ട് കേസുകള്‍ എടുപ്പിക്കുകയും അത് മറച്ചുവെയ്പ്പിക്കുകയുമാണ് സര്‍ക്കാര്‍.

നാമനിര്‍ദേശ പത്രികയില്‍ മുഴുവന്‍ കേസുകളുടെയും വിവരങ്ങള്‍ ചേര്‍ക്കണമെന്നാണ് നിയമം. ഏതെങ്കിലും കേസിന്റെ കാര്യം ചേര്‍ത്തിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളും. അതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താകും. ഈ വൃത്തികെട്ട കളിയാണ് സര്‍ക്കാര്‍ കളിച്ചത്.

ശബരിമല പ്രക്ഷോഭം കത്തിനിന്ന  സമയത്ത് എടുത്ത ഇരുപതോളം കേസുകളെക്കുറിച്ചു മാത്രമേ സുരേന്ദ്രനേയും അഭിഭാഷകരേയും അറിയിച്ചുള്ളൂ. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകൡലും ഇൗ കേസുകളുടെ കാര്യങ്ങള്‍ മാത്രമാണ് നല്‍കിയത്. ഈ കേസുകളുടെ വിവരങ്ങള്‍ വച്ചാണ് സുരേന്ദ്രന്‍ പത്രിക നല്‍കിയതും. എന്നാല്‍ ഈ കേസുകള്‍ക്കു പുറമേ ഇടതു സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സുരേന്ദ്രനെതിരെ വേറെയും കേസുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. ആകെ 184 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയത്.

 ഇവിടെയാണ് സര്‍ക്കാരിന്റെ കള്ളക്കളി. ഈ കേസുകള്‍ എല്ലാം തന്നെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ്. ഇവയില്‍ സ്‌റ്റേഷന്‍ ജാമ്യം സാധ്യമല്ല. അതിനാല്‍ കേസ് എടുത്ത് കോടതിക്ക് കൈമാറുകയാണ്. കോടതി സമന്‍സ് അയച്ച് നടപടി തുടങ്ങാന്‍ സ്വാഭാവികമായും കാലതാമസം വരും. കോടതി സമന്‍സ് അയയ്ക്കുമ്പോഴേ വിവരം അറിയൂ. 

അതല്ലെങ്കില്‍ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്യണം. ഇതാണ് സ്വാഭാവികമായി ചെയ്യേണ്ടതും.  എന്നാല്‍ സുരേന്ദ്രനെതിരെ നാട്ടിലാകെ കേസ് എടുത്ത പോലീസ്, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൗനം പാലിച്ചു. കേസ് എടുത്ത വിവരം അറിയിച്ചില്ല, അറസ്റ്റ് ചെയ്തതുമില്ല. വിവരം അറിയിക്കണമെന്ന് നിയമമില്ല. എന്നാല്‍, അറസ്റ്റിനു മുതിര്‍ന്നുമില്ല. അങ്ങനെ നൂറിലേറെ കേസുകളുടെ വിവരം സര്‍ക്കാര്‍ മറച്ചുവച്ചു.

 ഇത്രയേറെ കേസുകള്‍ തനിക്കെതിരെ  ഉണ്ടെന്നറിഞ്ഞാലേ  സുരേന്ദ്രന് അവ പത്രികയില്‍ ചേര്‍ക്കാന്‍ കഴിയൂ. ഇവ ചേര്‍ക്കാതിരുന്നാല്‍ സൂക്ഷ്മ പരിശോധനാ സമയത്ത് പത്രിക തള്ളും. അങ്ങനെ പത്രിക തള്ളിക്കാനുള്ള രഹസ്യ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍  ഒരു സിപിഐ പ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തേണ്ടിവന്നു. അതോടെയാണ് സുരേന്ദ്രനെതിരെ ഇത്രയധികം കേസുകള്‍  ചമച്ചിട്ടുണ്ടെന്ന് പുറത്തായത്. ഇനി ഈ കേസിന്റെ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് സുരേന്ദ്രന്‍ പുതിയ പത്രിക നല്‍കും.  പത്രികാ സമര്‍പ്പണ തീയതി കഴിഞ്ഞാണ് കേസുകളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢപദ്ധതി വിജയിക്കുമായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.