ലാലൂരിന്റെ കഥ ആദ്യമായി വെള്ളിത്തിരയില്‍

Friday 12 May 2017 12:41 pm IST

തൃശൂര്‍ : ലാലൂരിന്റെ കഥ ആദ്യമായി തൃശൂരില്‍. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലാലൂരിന്റെ ചരിത്രമല്ല വെള്ളിത്തിരയില്‍ കാണുന്നത്‌. രണ്ടര പതിറ്റാണ്ടായി ലാലൂരിന്റെ മുറവിളിയാണ്‌ കേള്‍ക്കാന്‍ കഴിയുക. ദുര്‍ഗന്ധത്തെ ഗര്‍ഭം ധരിച്ച്‌ മാരകരോഗങ്ങള്‍ക്ക്‌ പിറവികൊടുക്കുന്ന മണ്ണ്‌. ആ മണ്ണിന്റെ കഥയിതാ ആദ്യമായി തിരശ്ശീലയില്‍ വരുന്നു. ഇവിടുത്തുകാരുടെ കണ്ണീരും കിനാവുമെല്ലാമാണ്‌ ലാലൂരിന്‌ പറയാനുള്ളത്‌ എന്ന ഡോക്യുഫിഷനിലൂടെ പറയുന്നത്‌.
മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തുള്ളവരും ലാലൂരിനെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ഡോക്യുഫിഷനില്‍ പങ്കുവെക്കുന്നു. ലാലൂരുകാരുടെ ജീവിത പ്രാരാബ്ദങ്ങളും നിസ്സഹായതകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നു. ചില കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാകാം. പക്ഷെ ക്യാമറക്ക്‌ മുന്നില്‍ ഒരു കണ്ണാടി പിടിക്കുന്നുണ്ട്‌. ലാലൂരിന്റെ നേര്‍ നിശ്വാസങ്ങള്‍ അതില്‍ കാണാം. ഒരിറ്റു ജലത്തിനുവേണ്ടിയും രോഗാണുക്കളില്ലാത്ത വായുവിന്‌ വേണ്ടിയുള്ള പിടച്ചിലാണിത്‌. എല്ലാ പാപങ്ങളും സഹിക്കുന്ന ഭൂമിയുടെ കോണിലെ ഈയൊരു തരി മണ്ണ്‌ മാലിന്യ ഭീകരതയുടെ മറ്റൊരു ഇരയാകുന്നതെങ്ങിനെയെന്ന്‌ ഈ ഡോക്യുഫിഷന്‍ കാണിച്ചുതരുന്നു.
വിളപ്പില്‍ ശാലപോലെ, ബ്രഹ്മപുരം പോലെ, ഞെളിയന്‍ പറമ്പ്‌ പോലെ നാറിയും കരിഞ്ഞും പുകഞ്ഞും ചീഞ്ഞുമെല്ലാം കിടക്കുന്ന ലാലൂരിലേക്ക്‌ ഇന്നിപ്പോള്‍ ഒരു തുണ്ട്‌ മാലിന്യം പോലും എത്തുന്നില്ല. പക്ഷെ ലാലുരുകാരുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തി തലമുറകളെ വിഴുങ്ങാന്‍ പാകത്തില്‍ വാ പൊളിച്ചു നില്‍ക്കുന്ന മാലിന്യമല അതില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളം ജലസ്രോതസ്സുകളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. അനുദിനം മണ്ണിനടിയിലെ വെള്ളം മലിനപ്പെടുന്നു. ഈ മണ്ണ്‌ ജീവിക്കാന്‍ കൊള്ളാതാവുന്നു. ഈ സാഹചര്യങ്ങളിലേക്ക്‌ വഴിതെളിയിച്ച കാര്യകാരണങ്ങളുടെ മറനീക്കുകയാണ്‌ ഈ ഡോക്യുഫിഷന്‍. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ ഡോക്യുഫിഷന്റെ പ്രകാശനം നടക്കും. ഒരു മണിക്കൂറും പത്തുമിനിറ്റുമാണ്‌ ദൈര്‍ഘ്യം. നടന്‍ ജോസഫ്‌ പാണേങ്ങാടനാണ്‌ ഡോക്യുഫിഷന്‍ നിര്‍മ്മിച്ചത്‌. സതീഷ്‌ കളത്തില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. തിരക്കഥയും സംഭാഷണവും ഭാസി പാങ്ങിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.